മലപ്പുറത്ത് കഞ്ചാവും ഹഷീഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറത്ത് കഞ്ചാവും ഹഷീഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

 

നിലമ്പൂര്‍: കൂറ്റമ്പാറയില്‍ നിന്ന് കഞ്ചാവ്, ഹഷീഷ് ഓയില്‍ എന്നിവ പിടികൂടിയ കേസില്‍ 2 പേര്‍ കൂടി എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഒളിവിലായിരുന്ന മൂന്നാം പ്രതി പോത്തുകല്ല് പാതാര്‍ മഠത്തില്‍ റഫീഖ് (32), ഏഴാം പ്രതി മേലെകൂറ്റമ്പാറ പൊടിയാട്ട് വിഷ്ണു ( 27) എന്നിവരെ ആണ് സിഐ ആര്‍.എന്‍. ബൈജു അറസ്റ്റ് ചെയ്തത്.ആന്ധ്രയില്‍ നിന്ന് 182 കിലോഗ്രാം കഞ്ചാവ്, ഒരു കിലോഗ്രാം ഹഷീഷ് ഓയില്‍ എന്നിവ കേരളത്തിലേക്ക് കടത്തിയ നാല്‍വര്‍ സംഘത്തില്‍പെട്ടവരാണ് ഇരുവരുമെന്ന് സിഐ പറഞ്ഞു. ഇതോടെ കേസില്‍ 10 പേര്‍ അറസ്റ്റിലായി. മുഖ്യ പ്രതി സല്‍മാനെ പിടികിട്ടിയിട്ടില്ല. ആന്ധ്രപ്രദേശിലെ നരസിപട്ടണത്ത് 72 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതിയാണ് റഫീഖ്. 8 മാസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതാണ്.
നിലമ്പൂര്‍ റേഞ്ചിലെ കഞ്ചാവ് കേസില്‍ വിഷ്ണുവിനെതിരെ മഞ്ചേരി കോടതിയുടെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. കൂറ്റമ്പാറ കേസിനെത്തുടര്‍ന്ന് ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെയും പ്രതികള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

റഫീഖിനെ എടക്കരയില്‍ നിന്നാണ് പിടികൂടിയത്. വിഷ്ണുവിനെ ബത്തേരിയില്‍ അറസ്റ്റു ചെയ്തു. പ്രിവന്റീവ് ഓഫിസര്‍മാരായ കെ.വി. സുഗന്ധ കുമാര്‍, കെ.സുധീര്‍, പി.സജീവ്, സിഇഒമാരായ ജിബില്‍ കുമാര്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതികളെ മഞ്ചേരി എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!