മലപ്പുറം കാച്ചിനിക്കാട്ടെ മഞ്ഞ തണ്ണിമത്തന്‍ കൃഷി വിജയം

മലപ്പുറം കാച്ചിനിക്കാട്ടെ മഞ്ഞ തണ്ണിമത്തന്‍ കൃഷി വിജയം

മലപ്പുറം: മലപ്പുറം കാച്ചിനിക്കാട് ദേശീയ പാതയോരത്തെ പാടത്ത് വിളവെടുപ്പിന്റെ ഉത്സവകാലം. പന്ത്രണ്ടു വര്‍ഷമായി തരിശുകിടന്ന ഭൂമിയില്‍ യുവ കര്‍ഷകന്‍ പറത്തൊടി സൈഫുള്ളയും ഉപ്പ കുഞ്ഞാലനും വിതച്ച കൃഷിക്ക് നൂറുമേനി. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത മഞ്ഞ തണ്ണിമത്തന്‍ കൃഷി വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കര്‍ഷക കുടുംബം. വ്യാഴാഴ്ച കുടുംബസമേതമായിരുന്നു വിളവെടുപ്പ്.
സര്‍ക്കാരിന്റെ തരിശുഭൂമിയില്‍ കൃഷിയിറക്കല്‍ പദ്ധതിയുടെ ഭാഗമായാണ് കാച്ചിനിക്കാട്ടെ രണ്ടര ഏക്കറോളം പാടത്താണ് ഇത്തവണ വിവിധ കൃഷിയിറക്കിയത്. മക്കരപ്പറമ്പ് കൃഷി ഭവന്റെ സാങ്കേതിക സഹായത്തോടെയാണ് നെല്ലും തണ്ണിമത്തനും പച്ചക്കറികളും കപ്പയും കൃഷിയിറക്കിയത്. വിഷുവിനുള്ള വെള്ളരിയും പാകമായിവരുന്നു. ഓസ്ട്രേലിയന്‍ തണ്ണിമത്തന്‍ ബട്ടര്‍ നട്ടാണ് ഇത്തവണ പുതുമയുള്ള ഇനം.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച യുവ കര്‍ഷകന്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ യുവ പ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയ സൈഫുള്ളയെ കൂടാതെ സുഹൃത്ത് കവരുവള്ളി സിദ്ദിഖും കൃഷിയിറക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പാടശേഖരത്തില്‍ മൂന്നു ടണ്‍ നെല്ല് വിളവെടുത്തു. കപ്പയും പച്ചക്കറിയും ഉണ്ട്. കനത്ത ചൂടില്‍ കൃഷി ഉണങ്ങുന്നതാണ് ഇവര്‍ നേരിടുന്ന വെല്ലുവിളി.

Sharing is caring!