മലപ്പുറത്ത് രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു

മലപ്പുറത്ത് രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റിദിന്റെ ഭാര്യ രജിത (22) ,ചുങ്കത്തറ കൈപ്പിനിയിലെ ചേന്നന്‍ രാജുമോന്റെ ഭാര്യ അര്‍ച്ചന (35) എന്നിവരുടെ ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. വയര്‍ വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി ഒന്നരയോടെയാണ് രജിതയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് മാസം ഗര്‍ഭിണിയായിരുന്നെങ്കിലും യുവതിയും വീട്ടുകാരും വിവരം അറിഞ്ഞിരുന്നില്ല. ഇവര്‍ക്ക് പതിനൊന്ന് മാസം പ്രായമായ കുട്ടിയുമുണ്ട്. രണ്ട് മാസം മുമ്പ് വയര്‍ വേദനയെ തുടന്ന് മൂത്തേടം പി എച്ച് സി യില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഗര്‍ഭമുണ്ടെന്ന കണ്ടെത്തുകയോ ഗര്‍ഭസ്ഥ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. ഇന്നലെ അര്‍ദ്ധ രാത്രി വയര്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഓട്ടോയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഗര്‍ഭസ്ഥ ശിശുവിനെ എടുക്കുകയും ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവിനെ ബന്ധുക്കള്‍ക്ക് കൈമാറുകയുമായിരുന്നു. രജിതയുടെ ആരോഗ്യ നില തൃപ്തികരമാണ്. ആവശ്യമായ പരിശോധനയും ചികിത്സയും നടത്തിയ ശേഷമേ അവരെ കോളനിയിലേക്ക് തിരിച്ചയക്കുകയൊള്ളുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏഴ് മാസം ഗര്‍ഭിണിയായ അര്‍ച്ചനയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിടെ ഇന്ന് രാവിലെ എട്ടരയോടെ ചന്തക്കുന്നില്‍ വെച്ചാണ് പ്രസവിച്ചത്.ഇവര്‍ നേരത്തെ ചികിത്സ തേടുകയും കുട്ടിക്ക് തൂക്ക ക്കുറവ് കണ്ടെത്തുകയും ചെയ്തിരുന്നു.ഇവര്‍ക്ക് 8, 6 വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍ ഉണ്ട്. രണ്ട് പ്രസവങ്ങളിലും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന് രാജുമോന്റെ അമ്മ പറഞ്ഞു. അര്‍ച്ചന ജില്ലാ ആശുപത്രി ലേബര്‍ റൂമില്‍ നിരീക്ഷണത്തിലാണ്. ഇവരെ പ്രസവിപ്പിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ അബൂബക്കര്‍ , ആര്‍ എം ഒ ഡോ ബഹാഉദ്ധീന്‍ എന്നിവര്‍ പറഞ്ഞു.

 

Sharing is caring!