വിവാഹ പരസ്യം നല്‍കി മലപ്പുറത്തെ യുവതിയുടെ വീട്ടുകാരില്‍നിന്ന് 10ലക്ഷം തട്ടിയ യുവാവും കൂട്ടാളിയും പിടിയില്‍

വിവാഹ പരസ്യം നല്‍കി മലപ്പുറത്തെ യുവതിയുടെ വീട്ടുകാരില്‍നിന്ന് 10ലക്ഷം തട്ടിയ യുവാവും കൂട്ടാളിയും പിടിയില്‍

മലപ്പുറം: വൈവാഹിക പരസ്യം നല്‍കി 10 ലക്ഷത്തിലധികം രൂപ കവര്‍ന്ന യുവാവും കൂട്ടാളിയും പിടിയില്‍ . കോഴിക്കോട് സ്വദേശി നോട്ടിക്കണ്ടത്തില്‍ അക്ഷയ് (28),ഇയാളുടെ കൂട്ടാളി കൊല്ലം കരവല്ലൂര്‍ സ്വദേശി അജി (40) എന്നിവരാണ് പിടിയിലായത്. ഗൂഗിള്‍ കമ്പനിയില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളില്‍ വൈവാഹിക പരസ്യം നല്‍കി ചങ്ങരംകുളത്തെ ടീച്ചറുടെ മകളുമായി കല്യാണമുറപ്പിക്കുകയും തുടര്‍ന്ന് പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് 10 ലക്ഷത്തിലധികം രൂപ പറ്റിച്ച് കടന്നുകളക്കുകയായിരുന്നു.പെണ്‍കുട്ടിയുമായി കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി കല്യാണ നിശ്ചയവും നടത്തിയിരുന്നു.ഇതില്‍ വരന്റെ ബന്ധുക്കളായി എത്തിയത് സിനിമയില്‍ ഗ്രൂപ്പ് ആര്‍ട്ടിസ്റ്റുകളായി അഭിനയിക്കുന്നവരായിരുന്നു. പിടിയിലായവര്‍ വിവിധ ജില്ലകളിലായി 15 ഓളം വിസതട്ടിപ്പ് കേസുകളിലായി 2.5 കൊടിയോളം തട്ടിയിട്ടുള്ളതായി പോലീ പറഞ്ഞു. ഇവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍ , കോട്ടയം കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ വിസ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകള്‍ക്ക് വിസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. കൊല്ലം ഡി.എ.എന്‍.എസ്.എ.എഫ് ടീമില്‍ അംഗങ്ങളായ മനു, ബൈജു തുടങ്ങിയവരുടെ സഹായത്തോടെ കൊല്ലം ജില്ലയിലെ രഹസ്യതാവളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ദാസ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നി, ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ ഡി.എ.എന്‍.എസ്.എ.എഫ് ടീം അംഗങ്ങളാണ് ഇവരെ പിടികൂടിയത്.

Sharing is caring!