മലപ്പുറം ചുങ്കത്തറയില്‍ പുഴയില്‍ മുങ്ങി 18കാരന്‍ മരിച്ചു

മലപ്പുറം ചുങ്കത്തറയില്‍ പുഴയില്‍ മുങ്ങി 18കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. കാട്ടിച്ചിറ സ്വദേശി നിഹാല്‍ ബഷീര്‍ (18 ) ആണ് മരിച്ചത്.എടമല പുന്നപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

നാലോളം സുഹൃത്തുക്കളോടൊപ്പം പുന്നപ്പുഴയുടെ എടമല കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ കരക്കെടുത്ത് ആറരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് കഴിഞ്ഞ തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് മടങ്ങിയത്. തിരിച്ചു പോകുന്ന പിതാവിനെ യാത്രയയക്കാനായാണ് നിഹാല്‍ കഴിഞ്ഞ ദിവസം പഠന സ്ഥലത്ത് നിന്ന് വീട്ടിലെത്തിയത്. കോട്ടയം പാലയിലെ സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പഠിക്കുകയാണ് നിഹാല്‍. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റിന് ശേഷം നാളെ ചുങ്കത്തറ വലിയ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.

Sharing is caring!