ഖബറടക്കം നാളെ രാവിലെ ഒമ്പതിന്
മലപ്പുറം: കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയരാഷ്ട്രീയ നേതാവ്പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് പൊതുദര്‍ശനത്തിനായി മലപ്പുറത്തെ ടൗണ്‍ഹാളിലെത്തിച്ചു. പാണക്കാട്ടെ വസതിയില്‍ നിന്നു മലപ്പുറത്തേക്കുകൊണ്ടുപോയത്. ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കുകാണാനായി പാണക്കാട്ടും മലപ്പുറത്തെ ടൗണ്‍ ഹാളിലും എത്തിച്ചേര്‍ന്നത്. രാവിലെ ഒമ്പത് മറിക്ക് മൃതദേഹം പാണക്കാട് ജുമാമസ്ജിനില് മറവ് ചെയ്യും.അതുവരെ പൊതുദര്‍ശനം തുടരും. ഇന്ന് ഉച്ചയ്ക്ക് 12.15ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അവിടെനിന്ന് പുറപ്പെട്ട മയ്യിത്ത് ആറുമണിയോടെയാണ് വസതിയിലെത്തിച്ചേര്‍ന്നത്. ഇവിടെനിന്ന്
മലപ്പുറത്തെ ടൗണ്ഹാളിലേക്കുകൊണ്ടുവരികയായിരുന്നു. രാവിലെ ഒമ്പതു മണിക്ക് ഇവിടെ നിന്ന് ഖബറടക്കത്തിനായി പാണക്കാടെ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലേക്കു കൊണ്ടുപോകും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.74 വയസായിരുന്നു.അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മറിയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില് മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പാണക്കാട്ടെ ദേവധാര്‍ സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു. തുടര്‍ന്ന് കോഴിക്കോട് മദ്റസത്തുല്‍ മുഹമ്മദിയ്യ(എം.എം ഹൈസ്കൂള്‍) സ്കൂളില്‍ ചേര്‍ന്നു. പത്തുവരെ അവിടെയായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്കു ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത് . തുടര്‍ന്ന് പൊന്നാനി മഊനത്തില്‍ ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്‍ന്നു. 1972ല്‍ ആണ് ജാമിഅയില്‍ ചേര്‍ന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാര്. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്‍ത്തനത്തിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും തുടക്കം ഇതായിരുന്നു.
1973ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന് രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു.
1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില് മഹല്ല് പള്ളി മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേട് കൂടുതല്‍ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.
കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.
മരണവിവരമറിഞ്ഞ് അനുസ്മരണപ്രവാഹമാണ്.
സമൂഹത്തിലെ നാനാവിഭാഗങ്ങളില്‍ പെട്ടവര്‍ അനുശോചിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, വ്യവസായ മന്ത്രി പി. രാജീവ്, പി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മുന്‍ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്, എം.എല്‍.എമാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, മുന്‍ എം.എല്‍.എ ടി.എം അഹ്മദ് കബീര്‍, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, നടന് മമ്മൂട്ടി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ അങ്കമാലിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 3.13നാണ് മയ്യിത്ത് അവിടെ നിന്ന് മലപ്പുറത്തേക്കു കൊണ്ടുപോയത്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]