ദേശീയ ചാംപ്യനായ പരിശീലകന്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങി നല്‍കിയ പോള്‍വോള്‍ട്ടുമായി മത്സരിച്ച ശിഷ്യന് സ്വര്‍ണത്തിളക്കം

ദേശീയ ചാംപ്യനായ പരിശീലകന്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങി നല്‍കിയ പോള്‍വോള്‍ട്ടുമായി മത്സരിച്ച ശിഷ്യന് സ്വര്‍ണത്തിളക്കം

തേഞ്ഞിപ്പലം: ദേശീയ ചാംപ്യനായ പരിശീലകന്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങി നല്‍കിയ പോള്‍വോള്‍ട്ടുമായി മത്സരിച്ച ശിഷ്യന് സ്വര്‍ണത്തിളക്കം. സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം പോള്‍വോള്‍ട്ടില്‍ ഒന്നാമെത്തിയ ആനന്ദ് മനോജിനാണ് പരിശീലകന്‍ സി.ആര്‍.മധുവിന്റെ പിന്തുണ അനുഗ്രഹമായത്. ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് ജേതാവായ ആനന്ദ് തന്റെ ഏറ്റവും ഉയര്‍ന്ന ഉയരം (4.80 മീറ്റര്‍) കുറിച്ചാണ് സ്വര്‍ണം നേടിയത്.

സീനിയര്‍ മീറ്റിലെ റെക്കോര്‍ഡ് ആയ 4.90 മീറ്റര്‍ ഭേദിക്കാനായി ശ്രമം നടത്തിയെങ്കിലും തലനാരിഴയ്ക്കാണു നഷ്ടപ്പെട്ടത്. സിആര്‍പിഎഫില്‍നിന്ന് വിരമിച്ച ശേഷം കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കായികപരിശീലനം നല്‍കി വരികയാണ് മധു. മത്സരത്തിന് ആവശ്യമായ പോള്‍ ഇല്ലാതെ വരികയും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെയാണ് ശിഷ്യര്‍ക്കുവേണ്ടി മധു ബാങ്കില്‍നിന്ന് 2.50 ലക്ഷം രൂപ വായ്പയെടുത്തത്.

1.08 ലക്ഷം, 1.10 ലക്ഷം രൂപ വില വരുന്ന 2 പോളുകളാണ് രണ്ടാഴ്ച മുന്‍പ് വാങ്ങിയത്. ആനന്ദും ഒപ്പം മത്സരിക്കാനിരുന്ന അക്ഷയും ഇതുപയോഗിച്ചാണു പരിശീലനം നടത്തിയത്. ജൂനിയര്‍ മീറ്റിലെ സഹ റെക്കോര്‍ഡ് ഉടമയായ അക്ഷയ് സീനിയര്‍ മീറ്റിനു തൊട്ടുമുന്‍പ് തേഞ്ഞിപ്പലത്തെ സ്റ്റേഡിയത്തില്‍ നടത്തിയ പരിശീലനത്തിനിടെ പരുക്കേറ്റു പിന്‍മാറുകയായിരുന്നു. 1996ലെ ദേശീയ പൊലീസ് മീറ്റിലെ പോള്‍വോള്‍ട്ട് ചാംപ്യനാണ് മധു. എറണാകുളം ജില്ലയ്ക്കു വേണ്ടി മത്സരിച്ച ആനന്ദ് മാമലക്കണ്ടം ഉതിരാലമറ്റം മനോജ്, ജയ ദമ്പതികളുടെ മകനാണ്.

 

 

Sharing is caring!