മലപ്പുറം ജില്ലക്കിത് ആവേശനാളുകള്‍; സെവന്‍സില്‍ ആറാടി ഫുട്‌ബോള്‍ പ്രേമികള്‍

മലപ്പുറം ജില്ലക്കിത് ആവേശനാളുകള്‍; സെവന്‍സില്‍ ആറാടി ഫുട്‌ബോള്‍ പ്രേമികള്‍

മലപ്പുറം ജില്ലയില്‍ സെവന്‍സ് ഫുട്ബാള്‍ മല്‍സരങ്ങള്‍ക്ക് തുടക്കമായതോടെ ഏറെ ആവേശത്തില്‍ ആരാധകര്‍. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് ഇത്തവണ സ്റ്റേറ്റ് ഫുട്ബാള്‍ അസോസിയേഷന്റെ (എസ്.എഫ്.എ) സെവന്‍സ് മത്സരങ്ങള്‍ നടക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റ് നടക്കുന്നതെന്നതിനാല്‍ ഗ്യാലറികളെല്ലാം ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്തവണ വിദേശ താരങ്ങളെ ഉള്‍പ്പെടുത്താത്തത് ഒഴിച്ചാല്‍ മത്സരത്തിന്റെ ആവേശത്തിന് ഒരു കുറവുമില്ല.

പെരിന്തല്‍മണ്ണ കാദറലി ഫുട്ബാള്‍,കാളികാവ് പൂങ്ങോട്ട് സെവന്‍സ്, വളാഞ്ചേരി തിണ്ടലം സെവന്‍സ്, അരീക്കോട് കുഞ്ഞിമാന്‍ മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് എന്നിവയാണ് ജില്ലയിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് വേങ്ങരയിലും കളി ആരംഭിക്കും. പെരിന്തല്‍മണ്ണയില്‍ ഇടയ്ക്ക് കളി നിര്‍ത്തിവച്ചിരുന്നെങ്കിലും ഫെബ്രുവരി 25ന് വീണ്ടും പുനരാരംഭിച്ചു. സെമി ഫൈനല്‍ മല്‍സരങ്ങളിലേക്കാണ് പെരിന്തല്‍മണ്ണ സ്റ്റേഡിയം ഇനി കടക്കുന്നത്. കാളികാവിലെ മത്സരങ്ങള്‍ പ്രി ക്വാര്‍ട്ടറിലേക്കെത്തി. വളാഞ്ചേരി തിണ്ടലത്തും, അരീക്കോടും ഫെബ്രുവരി 27നാണ് കളി ആരംഭിച്ചത്. രണ്ടിടങ്ങളിലും കഴിഞ്ഞ നാല് ദിവസവും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

കളി നടക്കുന്ന പ്രദേശത്തെ ടീമുകളുടെ മത്സരത്തിനാണ് ഏറ്റവും കൂടുതല്‍ കാണികളുണ്ടാവാറുള്ളത്. ഗ്യാലറി നിറഞ്ഞ് പുറത്ത് നിന്ന് കളി കാണേണ്ട സാഹചര്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. കൊവിഡ് കാരണം രണ്ട് വര്‍ഷത്തോളം സെവന്‍സ് മത്സരങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. കടക്കെണിയില്‍ അകപ്പെട്ട ടീം മാനേജര്‍മാര്‍ ഏറെ പ്രയാസപ്പെട്ടാണ് വിദേശതാരങ്ങളെയടക്കം അവരുടെ നാടുകളിലേയ്ക്ക് പറഞ്ഞയച്ചിരുന്നത്. കളിയില്ലാത്തതിനാല്‍ ഫുട്ബാള്‍ താരങ്ങളും ഏറെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇപ്രാവശ്യത്തെ മത്സരങ്ങള്‍ അവസാനിക്കുന്നതോടെ ഫുട്ബാള്‍ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് തെല്ലൊരു ആശ്വാസമാവും.2019ലായിരുന്നു അവസാനമായി എസ്.എഫ്.എയുടെ അഖിലേന്ത്യാ സെവന്‍സ് നടന്നത്. കൊവിഡ് മൂലം കളി പൂര്‍ത്തീകരിക്കാനും സാധിച്ചിരുന്നില്ല.

ടിക്കറ്റ് നിരക്ക് ഇങ്ങനെ

എല്ലാ സ്റ്റേഡിയങ്ങളിലും 50 മുതല്‍ 70 രൂപ വരെയുള്ള ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. സെക്കന്റ് റൗണ്ടില്‍ 60 മുതല്‍ 80 വരെയും സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് 80 മുതല്‍ 120 രൂപ വരെയുമായിരിക്കും ടിക്കറ്റ് നിരക്ക്. ഇതിനു പുറമെ സീസണ്‍ ടിക്കറ്റുകളുമുണ്ട്. അരീക്കോട് ആയിരം രൂപയാണ് സീസണ്‍ ടിക്കറ്റിന് ഈടാക്കുന്നത്. എല്ലാ സ്റ്റേഡിയങ്ങളിലും നിറയെ ആളുകളുണ്ട്. വിദേശതാരങ്ങളില്ലാത്തത് ജനങ്ങള്‍ വരുന്നതിനെ ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എല്ലായിടത്തും വളരെ ആവേശത്തിലാണ് കളി നടക്കുന്നത്. ഇപ്രാവശ്യം അഞ്ചിടങ്ങളില്‍ മാത്രമേ കളി നടക്കുന്നൊള്ളു. സാധാരണ കുറേ സ്ഥലങ്ങളില്‍ നടക്കാറുണ്ട്. കൊവിഡ് പ്രതിസന്ധിയും നോമ്പ് അടുത്തത് കൊണ്ടുമാണ് പലയിടങ്ങളും ഇപ്രവാശ്യം കളിയില്‍ നിന്ന് വിട്ടു നിന്നത്.

 

Sharing is caring!