ഒരാഴ്ചയോളം നീണ്ട ദുരിതപര്‍വ്വത്തിനൊടുവില്‍ മലപ്പുറത്തുകാരി അനാമിക വീടണഞ്ഞു

പൊന്നാനി: ‘ബുധനാഴ്ച പുലര്‍ച്ചെയാണ് നിര്‍ത്താതെയുള്ള സൈറണ്‍ മുഴങ്ങിയത്.അതൊരു മുന്നറിയിപ്പായിരുന്നു. വരും ദിവസങ്ങളിലെ ദുരിതത്തിലേക്കുള്ള മുന്നറിയിപ്പ്. സൈറണ്‍ കേട്ടതോടെ ഫ്ലാറ്റിനടിയിലെ ബങ്കറിലേക്ക് മലയാളികളായ 17 കൂട്ടുകാരികളോടൊപ്പം ഓടിയൊളിച്ചു. സൈറന്റെ മുഴക്കം നിലച്ചതോടെ ഫ്ലാറ്റിലേക്ക് മടങ്ങിയെങ്കിലും, ഇടക്കിടെ വീണ്ടും മുഴങ്ങുന്ന സൈറണ്‍ വിളികള്‍ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചു.ഈ ദുരിതത്തിനിടയില്‍ നിന്നും നാട്ടിലേക്ക് മടങ്ങണമെന്ന ചിന്ത മാത്രമായിരുന്നു മനസില്‍. മുന്നില്‍ അപകടങ്ങള്‍ നിറഞ്ഞ പാതയാണെന്നറിഞ്ഞിട്ടും മരണഭയം മുന്നില്‍ കണ്ട് ട്രെയിനില്‍ കയറി യാത്രയാരംഭിച്ചു.രണ്ട് ദിവസം അഞ്ച് ട്രെയിനിലും, രണ്ട് ബസുകളിലുമായി നടത്തിയ യാത്രക്കൊടുവില്‍ ഹംഗറിയിലെത്തിയതോടെയാണ് ശ്വാസം നേരെ വീണത്’.യുക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്നും നാട്ടിലെത്തിയതിന്റെ സന്തോഷത്തിനിടയിലും, കടന്ന് വന്ന ദുരിതത്തിന്റെ ഭീതിയത്രയും പൊന്നാനി കടവനാട് വാര്യത്ത് പടി സ്വദേശി തട്ടപ്പറമ്പില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ അനാമികയുടെ മുഖത്ത് നിഴലിച്ചിരുന്നു. യുക്രെയ്നിലെ വിനിത്സ്യ നാഷണല്‍ പിറാഗെ മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനാമിക.കഴിഞ്ഞ സെപ്റ്റംബറില്‍ യുക്രെയ്നിലേക്ക് തിരിച്ചു പോകുമ്പോഴും ശാന്തമായിരുന്നു അവിടം. പൊടുന്നനെയുണ്ടായ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടനുഭവിച്ചത് ഓര്‍ത്തെടുക്കുമ്പോള്‍ അനാമികക്ക് നടുക്കമാണ്. രക്ഷപ്പെടാനുള്ള അവസാന മാര്‍ഗ്ഗമായി എംബസിയെ ബന്ധപ്പെട്ടപ്പോള്‍ അയല്‍ രാജ്യത്തെത്താനാണ് നിര്‍ദ്ദേശം ലഭിച്ചത്. വിനിത്സ്യയില് നിന്നും ട്രെയിനില്‍ ഹെമിലിസ്കി, ലിവിവ്, വഴി ഹംഗറിയിലെ ചോപ്പിലെത്തിയ ശേഷം സോഹാനിയില് നിന്നും ഖുദാ ഫെസ്സിലെത്തിയാണ് വിമാനത്തില്‍ കയറിപ്പറ്റാനായത്. 48 മണിക്കൂറും നിന്നുകൊണ്ടുള്ള യാത്രക്കൊടുവില്‍ ഡല്‍ഹി, ബാംഗ്ലൂര്‍ വഴിയാണ് കൊച്ചിയിലേക്ക് അനാമികയും സംഘവും എത്തിയത്.ഉള്ളുലക്കുന്ന ഓര്‍മ്മകള്‍ക്കൊടുവില്‍ വീട്ടിലെത്തി ബന്ധുക്കളെ കണ്ട സന്തോഷത്തിലാണ് അനാമിക
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]