മലപ്പുറം കാവനൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്

മലപ്പുറം കാവനൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്

മലപ്പുറം കാവനൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്. അമ്മയുടെ മുന്‍പില്‍ വച്ച് പീഡിപ്പിച്ചതായി അറിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അരീക്കോട് സി ഐ സി വി ലൈജു മോന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. അരക്കുതാഴെ തളര്‍ന്ന അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന മുപ്പത്തിമൂന്നുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ കര്‍ശന നടപടികള്‍ തന്നെ ആണ് എടുത്തിട്ടുള്ളത് എന്ന് പോലീസ് പറയുന്നു. പീഡനം നടന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് നടപടികള്‍ സ്വീകരിച്ചത്.

പ്രതി ടി.വി.ശിഹാബിനെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ജാമ്യം ലഭിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ ആണ് പോലീസ് എടുക്കുന്നത്. നിലവില്‍ പെണ്‍കുട്ടിയും അമ്മയും കഴിയുന്ന തുവ്വൂരിലെ പ്രതീക്ഷാലയത്തി അന്വേഷണ സംഘം ഇരയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.ആദ്യം പീഡനം നടന്ന കാര്യവും രണ്ടാമത്തെ സംഭവത്തിന് ശേഷം ആണ് വെളിപ്പെടുത്തിയത് എന്നും അമ്മയുടെ മുന്‍പില്‍ വച്ച് പീഡനം നടന്ന കാര്യം പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥനായ അരീക്കോട് സിഐ സി വി ലൈജു മോന്‍ പറഞ്ഞു. ‘ കേസില്‍ എല്ലാ നടപടികളും പോലീസ് സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിക്കും സാക്ഷികള്‍ക്കും മറ്റ് ഭീഷണി ഉള്ളതായി അറിയില്ല. നിലവില്‍ ഇവര്‍ സുരക്ഷിതര്‍ ആണ്. അമ്മയുടെ മുന്‍പില്‍ വച്ച് പീഡനം നടന്നതായി ഞങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല ‘.

അമ്മയും പെണ്‍കുട്ടിയും 100% ആരോഗ്യസ്ഥിതിയില്‍ ഉള്ളവരല്ല. ഈ പീഡനം നടന്ന സമയത്ത് അമ്മ വീട്ടില്‍ ഉണ്ടായിരുന്നു . എന്നാല്‍ അമ്മയുടെ മുന്‍പില്‍ വച്ച് പീഡനം നടന്നതായി ഞങ്ങളോട് പറഞ്ഞിട്ടില്ല. ‘ സി ഐ പറഞ്ഞു. ‘രണ്ട് തവണ ആണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുള്ളത്. അതില്‍ തന്നെ ആദ്യം പീഡനം നടന്നത് പോലീസ് അറിഞ്ഞത് രണ്ടാമത്തെ സംഭവത്തിന് ശേഷം ആണ്. ഇത്തരത്തില്‍ ഒരു സംഭവം നടന്നു എന്ന് അറിഞ്ഞതിന് ശേഷം പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുക ആയിരുന്നു’.

അതേസമയം യുവതിയെയും, അമ്മയെയും സന്ദര്‍ശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പൊലീസിനെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചു. ‘പറഞ്ഞുകേട്ടതിനേക്കാള്‍ ആയിരം മടങ്ങു ഭീതിദമാണ് മലപ്പുറം കാവനൂര്‍ പീഡനക്കേസ്സില്‍ ഇരയുടെ ദുരവസ്ഥ. മാനസിക ദൗര്‍ബല്യമുള്ള ഒരമ്മയുടെ മാനസിക ദൗര്‍ബല്ല്യമുള്ള മകളെയാണ് ഇവിടെ ദാരുണമായി പീഡിപ്പിക്കപ്പെട്ടത്. . അതും ഒന്നിലേറെ തവണ. അതും ഉറക്കെ കരയാന്‍ പോലുമാവാത്ത ആ അമ്മയുടെ കണ്‍മുന്നില്‍വെച്ച്. പ്രതി നേരത്തെ കാപ്പ ചുമത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട എന്നാല്‍ ഭരണസ്വാധീനത്താല്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി. കേസ്സന്വേഷിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പ്രതിഷേധിച്ച ബി. ജെ. പി. പ്രവര്‍ത്തകരോട് ചോദിച്ചത് ഇതൊക്കെ സാധാരണ സംഭവമല്ലേ നിങ്ങളെന്തിനാണ് ഇത് കുത്തിപ്പൊക്കുന്നതെന്നായിരുന്നു.’

അടിയന്തരമായി മുഖ്യമന്ത്രി ഈ കുടുംബത്തെ സന്ദര്‍ശിക്കണമെന്നും സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഇവരെ സംരക്ഷിക്കാന്‍ ബിജെപി തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കൂടി കുറിച്ചു
‘ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാണക്കാട് തങ്ങള്‍മാരുള്ള മലപ്പുറം,കുഞ്ഞാലിക്കുട്ടിയുടേയും കെ. ടി. ജലീലിന്റേയും മലപ്പുറം എന്റെ സുഹൃത്ത് പി. ശ്രീരാമകൃഷ്ണന്റേയും അബ്ദുല്‍ വഹാബിന്റേയും മലപ്പുറം ഇത്രയും മനുഷ്യത്വരഹിതമായ മലപ്പുറമാണോ? ആര്യാടന്‍ മുഹമ്മദിനും ഷൗക്കത്തിനും ഇത്രയും മനസ്സാക്ഷിയില്ലാത്തവരാനാവാന്‍ എങ്ങനെ കഴിയുന്നു? ഇതിനിടയിലും ഒരു കാര്യം അങ്ങേയറ്റം സന്തോഷം നല്‍കുന്നു.

ഇരയെ പാര്‍പ്പിച്ചിരിക്കുന്ന ആ അനാഥാലയത്തിലെ കന്യാസ്ത്രീകളായ മാലാഖമാര്‍ നിരാലംബരായ ആ അമ്മയേയും മകളേയും പൊന്നുപോലെ നോക്കുന്നു. കരുതുന്നു. കുളിപ്പിച്ച് കുറിയൊക്കെ തൊടുവിച്ച് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന ആ പൊന്നോമനകളെ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു. അവര്‍ക്കും ഒരെത്തും പിടിയുമില്ല. ഇവരുടെ ഭാവി എന്താവുമെന്ന കാര്യത്തില്‍. ബഹു. പിണറായി വിജയന്‍ താങ്കളും ഒരച്ഛനാണെന്ന് മറക്കരുത്. താങ്കള്‍ കയ്യൊഴിഞ്ഞ ഈ അമ്മയേയും മകളേയും ഞങ്ങള്‍ ഏറ്റെടുക്കും. എന്നാല്‍ ഈ നീതിനിഷേധത്തെ വെറുതെ വിടുമെന്ന് ആരും കരുതേണ്ട. കാത്തിരുന്നു കാണാം’ .

 

Sharing is caring!