കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലെ റോഡില്‍ പൊലിഞ്ഞത് 291 ജീവന്‍

കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലെ റോഡില്‍ പൊലിഞ്ഞത് 291 ജീവന്‍

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരില്‍ 50 ശതമാനത്തിലധികവും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്തവര്‍. മരിച്ച 291 പേരില്‍ 156 പേരുടെയും ജീവന്‍ പൊലിഞ്ഞത് ഇരുചക്രവാഹന അപകടങ്ങളില്‍. വാഹനം ഓടിച്ചിരുന്ന 119 പേരും പിന്‍സീറ്റിലിരുന്ന 37 പേരുമാണ് മരണത്തിന് കീഴടങ്ങിയത്. 291 പേരുടെ ജീവന്‍ കവര്‍ന്ന അപകടങ്ങളില്‍ 85 എണ്ണം ദേശീയപാതയിലും 73 എണ്ണം സംസ്ഥാന പാതയിലുമാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പിന്റെ ചെറിയ റോഡുകളിലായാണ് ബാക്കിയുള്ള 133 മരണം.

പുതിയ വര്‍ഷത്തിലും ഇരുചക്രവാഹന അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്ന് മലപ്പുറം ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 276 അപകടങ്ങളില്‍ 27 പേര്‍ മരിച്ചു. ഇതില്‍ 13 പേര്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചവരാണ്. വാഹനമോടിച്ച ഒമ്പതും പിന്‍സീറ്റിലിരുന്ന നാലുപേരുമാണ് മരിച്ചത്.

75 കാല്‍നടയാത്രക്കാര്‍;

റോഡ് അപകടങ്ങളില്‍ മരിച്ചവരില്‍ ഇരുചക്രവാഹനങ്ങളിലുള്ളവര്‍ കഴിഞ്ഞാല്‍ പിന്നെ കൂടുതലുള്ളത് കാല്‍നടയാത്രക്കാരാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ മരിച്ച 291 പേരില്‍ 75 കാല്‍നടയാത്രക്കാരുമുണ്ട്. 2022 ജനുവരിയില്‍ 12 കാല്‍നടയാത്രക്കാര്‍ ജില്ലയില്‍ മരണമടഞ്ഞു. മരിച്ച കാല്‍നടയാത്രക്കാരില്‍ അധികവും പ്രായം കൂടുതലുള്ളവരാണ്. നടപ്പാത ഇല്ലാത്തത്, വെളിച്ചക്കുറവ്, കേള്‍വിക്കുറവ് തുടങ്ങിയവയെല്ലാം കാല്‍നടയാത്രക്കാര്‍ വാഹനാപകടങ്ങളില്‍ ഉള്‍പ്പെടാന്‍ കാരണമായിട്ടുണ്ട്.

2147 അപകടം;

2021ല്‍ ജില്ലയില്‍ രജിസ്റ്റര്‍ചെയ്തത് 2147 വാഹനാപകട കേസുകള്‍. ഇതില്‍ 1425 എണ്ണം പകലും ബാക്കിയുള്ള 722 രാത്രിയിലുമാണ് നടന്നത്. ദേശീയപാതയില്‍ 669 അപകടങ്ങള്‍ ഉണ്ടായപ്പോള്‍ സംസ്ഥാന പാതയില്‍ 398 അപകടമുണ്ടായി. മറ്റു റോഡുകളിലാണ് 1089 അപകടങ്ങളുണ്ടായത്. ജില്ലയില്‍ നടന്നിട്ടുള്ള വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും നടന്നിട്ടുള്ളത് വൈകിട്ട് നാലിനും ഒമ്പതിനുമിടയിലാണ്. റോഡിലെ തിരക്ക്, ജോലി ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയവ അപകടങ്ങള്‍ കൂടാന്‍ കാരണമാകുന്നു.

2021ലെ അപകടം;

?? ഇരുചക്രവാഹന ഡ്രൈവര്‍ 119
?? പിന്‍സീറ്റിലിരുന്നവര്‍ 37
?? കാല്‍നട യാത്രക്കാര്‍ 75
?? ഓട്ടോ ഡ്രൈവര്‍മാര്‍ 9
?? ഓട്ടോ യാത്രക്കാര്‍ 14
?? ബസ് ഡ്രൈവര്‍ 4
?? കാര്‍ ഡ്രൈവര്‍ 2
?? കാര്‍ യാത്രക്കാര്‍ 11
?? സൈക്കിള്‍ യാത്രക്കാര്‍ 2
?? ലോറി ക്ലീനര്‍ 2
?? ലോറി ഡ്രൈവര്‍ 8
?? മിനി ലോറി 4
?? ഗുഡ്സ് ഓട്ടോ 3

 

Sharing is caring!