പെരിന്തല്‍മണ്ണയില്‍ മരിച്ചയാളുടെ പേരിലും ഭവനപദ്ധതിയുടെ ഗഡു പെരിന്തല്‍മണ്ണ നഗരസഭയില്‍ ബഹളം

പെരിന്തല്‍മണ്ണയില്‍ മരിച്ചയാളുടെ പേരിലും ഭവനപദ്ധതിയുടെ ഗഡു പെരിന്തല്‍മണ്ണ നഗരസഭയില്‍ ബഹളം

മലപ്പുറം: ഭവനപദ്ധതിയുടെ മൂന്നാംഗഡുവിന്റെ തുക ലഭിക്കും മുമ്പ് മരിച്ച ഗുണഭോക്താവിന്റെ പേരില്‍ തുക നല്‍കിയത് പലിശസഹിതം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പെരിന്തല്‍മണ്ണ നഗരസഭയിലെ പി.എം.എ.വൈ. ഭവനപദ്ധതിയിലെ 193-ാം നമ്പര്‍ ഗുണഭോക്താവ് 2019 ഓഗസ്റ്റ് 17-ന് മരിച്ചിരുന്നു. ഇതിനുമുന്‍പ് സഹായധനത്തിനുള്ള ഇവരുടെ അപേക്ഷയില്‍ തുക അനുവദിക്കുകയും അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇവര്‍ മരിച്ചവിവരം നഗരസഭയില്‍ അറിയിക്കാതെ അപേക്ഷ നല്‍കി തുക സ്വീകരിച്ചതിനാല്‍ പലിശസഹിതം തിരിച്ചടയ്ക്കുന്നതിന് നഗരസഭ പലതവണ നോട്ടീസ് നല്‍കി. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ടുള്ളതിനാല്‍ തുക അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്നു സൂചിപ്പിച്ച് ഗുണഭോക്താവിന്റെ മകന്‍ അപേക്ഷ നല്‍കി. മകന്‍ മരിച്ചതിനാല്‍ മകന്റെ മകനെ അനന്തരാവകാശിയാക്കിക്കൊണ്ടുള്ള സാക്ഷ്യപത്രവും ഹാജരാക്കിയിരുന്നു. ഈ അപേക്ഷ പരിഗണിക്കുന്നതു സംബന്ധിച്ച അജന്‍ഡയാണ് ബഹളത്തിനിടയാക്കിയത്.

ഇവര്‍ക്ക് തുക അനുവദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ വേണ്ടവിധം അന്വേഷിക്കാത്തതാണു സംഭവത്തിനു കാരണമെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിയെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. അജന്‍ഡ പാസാക്കുന്നതില്‍ വിയോജിക്കുകയാണെന്നും അറിയിച്ചു. ഇതോടെ വാര്‍ഡ് കൗണ്‍സിലര്‍ക്കും വിയോജിപ്പുണ്ടോയെന്ന് ചെയര്‍മാന്‍ ചോദിച്ചു. ഇതിനെതിരേ പ്രതിപക്ഷം സംസാരിച്ചുതുടങ്ങിയപ്പോള്‍ ഭരണപക്ഷത്തെ ചില അംഗങ്ങളും എഴുന്നേറ്റു സംസാരിച്ചതോടെയാണ് ബഹളമായത്. ഒടുവില്‍ പ്രതിപക്ഷാംഗങ്ങള്‍ക്കൊപ്പം വിയോജിക്കുന്നതായി എട്ടാം വാര്‍ഡ് കൗണ്‍സിലറും അറിയിച്ചു. മാനുഷികപരിഗണനയുടെ പുറത്താണ് തുക ഒഴിവാക്കാനുള്ള തീരുമാനമെടുക്കുന്നതെന്ന് ചെയര്‍മാനുള്‍പ്പെടെ ഭരണപക്ഷം നിലപാടെടുത്തു. ഒടുവില്‍ പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെ അജന്‍ഡ പാസാക്കി.

 

Sharing is caring!