മലപ്പുറം ആലത്തിയൂര്‍ കല്യാണപ്പെണ്ണിന്റെ അപേക്ഷയില്‍ ഓട്ടോറിക്ഷയില്‍ മറന്നുവച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തു നല്‍കി പൊലീസ്

മലപ്പുറം ആലത്തിയൂര്‍ കല്യാണപ്പെണ്ണിന്റെ അപേക്ഷയില്‍ ഓട്ടോറിക്ഷയില്‍ മറന്നുവച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തു നല്‍കി പൊലീസ്

തിരൂര്‍: കല്യാണപ്പെണ്ണിന്റെ അപേക്ഷയില്‍, ഓട്ടോറിക്ഷയില്‍ മറന്നുവച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തു നല്‍കി പൊലീസ്. ആലത്തിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വിവാഹവസ്ത്രങ്ങളാണ് മറന്നുവച്ചത്. മാര്‍ച്ച് 10ന് ആണ് വിവാഹം. ഇതിനായി ശനിയാഴ്ച തിരൂരില്‍ നിന്ന് എല്ലാവര്‍ക്കുമുള്ള വസ്ത്രങ്ങള്‍ വാങ്ങി ഓട്ടോറിക്ഷയില്‍ താലൂക്ക് ഓഫിസിനു സമീപത്തെ മറ്റൊരു കടയിലേക്ക് പോയി. ഓട്ടോറിക്ഷയുടെ സീറ്റിനു പിന്നില്‍ വച്ച വിവാഹ വസ്ത്രങ്ങള്‍ എടുക്കാന്‍ മറന്നു. ഇവര്‍ അന്വേഷിച്ചെങ്കിലും ഓട്ടോറിക്ഷ ഏതെന്ന് തിരിച്ചറിഞ്ഞില്ല.

തുടര്‍ന്നാണ് രാത്രിയോടെ കല്യാണപ്പെണ്ണ് രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കാര്യം അറിയിച്ചത്. 10000 രൂപയിലേറെ വിലവരുന്ന വസ്ത്രങ്ങളാണ് നഷ്ടപ്പെട്ടതെന്നും മാര്‍ച്ച് 10നുള്ളില്‍ പുതിയത് വാങ്ങാന്‍ കഴിയില്ലെന്നും പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് നഗരത്തിലെ ഒട്ടേറെ സിസിടിവികള്‍ പരിശോധിച്ചു. വാഹന നമ്പര്‍ കിട്ടിയില്ലെങ്കിലും ഏകദേശ രൂപം മനസ്സിലാക്കി. ഇതിന്റെ ചിത്രവുമായി മറ്റ് ഡ്രൈവര്‍മാരോട് ചോദിച്ച് ഇവര്‍ ഓട്ടോറിക്ഷ ഏതെന്ന് മനസ്സിലാക്കി.

തിരൂര്‍ പുല്ലൂര്‍ സ്വദേശിയുടെ ഓട്ടോറിക്ഷയാണെന്നു തിരിച്ചറിഞ്ഞതോടെ ഇയാളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സീറ്റിനു പിറകില്‍ വസ്ത്രങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ വസ്ത്രങ്ങളുമായി സ്റ്റേഷനിലെത്തി എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിക്ക് കൈമാറി. സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.കെ.ഷിജിത്ത്, നിഷ എന്നിവരാണ് വസ്ത്രങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം നടത്തിയത്.

Sharing is caring!