മഞ്ചേരി മേലാക്കത്ത് നിര്‍ത്തിയിട്ട ലോറി കത്തി നശിച്ചു

മഞ്ചേരി മേലാക്കത്ത് നിര്‍ത്തിയിട്ട ലോറി കത്തി നശിച്ചു

മഞ്ചേരി: മേലാക്കത്ത് നിര്‍ത്തിയിട്ട ലോറി കത്തി നശിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പഴവര്‍ഗങ്ങള്‍ കൊണ്ടുവരാനുള്ള ആയിരത്തോളം പ്ലാസ്റ്റിക് പെട്ടികളും കത്തി ചാമ്പലായി.
മേലാക്കം മദ്രസയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പഴവര്‍ഗങ്ങളുടെ മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിന് സമീപത്താണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. പെട്ടികള്‍ ലോറിയില്‍ കെട്ടിവെച്ച് മഹാരാഷ്ട്രയിലേക്ക് പഴവര്‍ഗങ്ങളുടെ ലോഡ് എടുക്കാന്‍ പുറപ്പെടാനിരിക്കുകയായിരുന്നു. ഡ്രൈവര്‍ തുറക്കല്‍ സ്വദേശി മുഹമ്മദ് ഹസ്സന്‍ ലോറിയെടുക്കാന്‍ വന്നപ്പോഴാണ് കത്തുന്നത് കണ്ടത്. ലോറിയിലും സമീപത്തുമുള്ള പെട്ടികളിലും തീ ആളിപടര്‍ന്നതോടെ അടുക്കാന്‍ കഴിഞ്ഞില്ല. സമീപത്തെ പുല്‍ക്കാടുകളിലേക്കും തീപടര്‍ന്നു. കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വെള്ളം കൊണ്ടുപോകുന്ന ലോറിയില്‍ നിന്നും വെള്ളം എത്തിച്ചാണ് തീയണച്ചത്. ഇത് രക്ഷാപ്രവര്‍ത്തനത്തിനും ഡീസല്‍ ഡാങ്കിലേക്ക് തീപടരാതിരിക്കാനും സഹായകരമായി. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ കെട്ടിടത്തിന് തീപിടിച്ചതോടെ മഞ്ചേരി അഗ്‌നിരക്ഷ സേന അങ്ങോട്ട് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് തിരുവാലി യൂനിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. മലപ്പുറം സ്വദേശി വി.പി.നിസാറലി ആണ് ആര്‍സി ഉടമ. നാട്ടുകാരും ട്രോമ കെയര്‍ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

 

 

Sharing is caring!