മലപ്പുറത്തെ ഹിന്ദുമത വിശ്വാസിയുടെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തിയത് മഹല്ല് ഖാസി

മലപ്പുറത്തെ ഹിന്ദുമത വിശ്വാസിയുടെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തിയത് മഹല്ല് ഖാസി

മലപ്പുറം: മലപ്പുറം അരീക്കോട് സൗത്ത് പുത്തലത്തെ ഹിന്ദുമത വിശ്വാസിയുടെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തിയത് മഹല്ല് ഖാസി. സൗത്ത് പുത്തലം സ്വദേശി വേലായുധന്റെ മകന്‍ വിജേഷ് എന്ന ചെറിയുടെ പുതിയ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മമാണ് മഹല്ല് ഖാസി കബീര്‍ ദാരിമി നിര്‍വഹിച്ചത്.
വീട്ടുടമ വിജേഷിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥനയോടുകൂടി തന്റെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കണമെന്നത്. ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന പള്ളിയിലെ മഹല്ല് ഖാസിയെ തന്നെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കാന്‍ വിജേഷ് ക്ഷണിച്ചത്.

തറക്കല്ലിടലിനോട് അനുബന്ധിച്ച് വിട്ടുടമയുടെ മുഴവന്‍ മതാചാരങ്ങളും പൂര്‍ത്തിയാക്കിയാണ് മഹല്ല് ഖാസി കര്‍മ്മം നിര്‍വ്വഹിച്ചത്.വ്യക്തികള്‍ തമ്മില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ അകല്‍ച്ചയുണ്ടാകാന്‍ പാടില്ലെന്നാണ് വിജേഷ് പറയുന്നത്. നിരവധി പേരാണ് ഈ വേറിട്ട തറക്കല്ലിടല്‍ കര്‍മ്മം നടത്തിയ വിജേഷിനെയും കുടുംബത്തെയും അഭിനന്ദിച്ച് രംഗത്തെത്തിത്.

സമൂഹമാധ്യമങ്ങളില്‍ ‘മലപ്പുറത്തെ മതേതരത്വത്തിന്റെ വേറിട്ട കാഴ്ച’ എന്ന പേരില്‍ തറക്കല്ലിടല്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ വൈറല്‍ ആയിട്ടുണ്ട്. അതെ സമയം 25 വര്‍ഷമായി താന്‍ ഈ മഹല്ലിന്റെ ഖാസിയായി പ്രവര്‍ത്തിക്കുന്നെങ്കിലും ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഒരു തറക്കല്ലിടല്‍ കര്‍മ്മം താന്‍ നിര്‍വഹിക്കുന്നത് എന്ന് പുത്തലം മഹല്ല് ഖാസി കബീര്‍ ദാരിമി പറഞ്ഞു. ഇത്തരത്തില്‍ ഒരു മതേതരത്വ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 

Sharing is caring!