ഒറിജിനലിനെ വിമാനങ്ങള്‍ നിര്‍മ്മിച്ച് മലപ്പുറത്തുകാരന്‍ മുഹമ്മദ് ജുനൈദ്

ഒറിജിനലിനെ വിമാനങ്ങള്‍ നിര്‍മ്മിച്ച് മലപ്പുറത്തുകാരന്‍ മുഹമ്മദ് ജുനൈദ്

മലപ്പുറം: ഒറിജിനലിനെ വിമാനങ്ങള്‍ നിര്‍മ്മിച്ച് മലപ്പുറത്തുകാരന്‍ മുഹമ്മദ് ജുനൈദ്. റിമോട്ട് കണ്‍ഡ്രോള്‍ വിമാനങ്ങള്‍ നിര്‍മ്മിച്ചാണ് മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ജുനൈദ് എന്ന 24 കാരന്‍ നാട്ടുകാരെയും വീട്ടുകാരെയും വിസ്മയിപ്പിക്കുന്നത്. ചെറുപ്പത്തില്‍ എല്ലാവരെയും പോലെ ജുനൈദിനും ഉണ്ടായിരുന്നു ആഗ്രഹങ്ങള്‍. വിമാനം പറത്തണം എന്നായിരുന്നു ഈ യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും. എന്നാല്‍ വീട്ടിലെ ജീവിത സാഹചര്യങ്ങള്‍ മൂലം മുഹമ്മദ് ജുനൈദിന് പത്താം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു.

എന്നാല്‍ അവിടെ തോല്‍ക്കാന്‍ ജുനൈദ് തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഒറിജിനലിനെ വെല്ലുന്ന റിമോട്ട് കണ്ട്രോള്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ജുനൈദ് തുടങ്ങിയത്. ആരെയും അമ്പരപ്പിക്കുന്ന തരത്തില്‍ ഒറിജിനലിനെ വെല്ലുന്ന ഡിഡൈനില്‍ നിരവധി വിമാനങ്ങളാണ് ജുനൈദ് നിര്‍മ്മിച്ചത്. യൂട്യൂബ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഗവേഷണം നടത്തിയ ശേഷമാണ് ഇത്തരത്തിലുള്ള വിമാനങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത് എന്ന് ജുനൈദ് പറയുന്നു. തെര്‍മ്മോക്കോള്‍, സണ്‍ പാക്കറ്റ് ഷീറ്റ്,റിമോട്ട്, ബാറ്ററി, മോട്ടോര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഈ വിമാനങ്ങളുടെ നിര്‍മ്മാണം.

ഇത് വരെ 20 വിമാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അവസാനം നിര്‍മിച്ച വിമാനത്തിന്റെ പേരാണ് കേരളീയര്‍.
അതിമനോഹരമായിട്ടാണ് ഓരോ വിമാനവും ഈ 24 കാരന്‍ ഡിസൈന്‍ പൂര്‍ത്തിയാക്കി വിവിധ ഇടങ്ങളില്‍ പറത്തി കൊണ്ടിരിക്കുന്നത്. ഏകദേശം 500 മീറ്ററിന് മുകളില്‍ താന്‍ ഉണ്ടാക്കിയ എല്ലാ വിമാനങ്ങള്‍
പറക്കും എന്ന് ജുനൈദ് പറയുന്നു. ജുനൈദിന്റെ ഈ റിമോട്ട് വിമാനങ്ങള്‍ പറത്തുന്നത് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആരെയും അത്ഭുതപ്പെടുത്തും. നിലവില്‍ പാടങ്ങളും മൈതാനങ്ങളും പാലങ്ങളും ഒക്കെ റണ്‍വേ ആക്കിയാണ് വിമനങ്ങള്‍ പറത്തുന്നത്. കാണുന്നവര്‍ക്ക് ഇത് ഒരു ടോയ് വിമാനം ആണെങ്കിലും ജുനൈദിനെ സംബന്ധിച്ചിടത്തോളം ഇത് ഒറിജിനല്‍ വിമാനം പറപ്പിക്കുന്നതിന് തുല്യമാണ്.

കെ.ആര്‍.പി.ഫ്‌ലയിങ് ക്ലബില്‍ അംഗവുമാണ് ജുനൈദ്. ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം,എറണാകുളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് നിരവധി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അതേസമയം പരീക്ഷണം ആരംഭിക്കുന്ന സമയം നിരവധി വിമാനങ്ങള്‍ തകര്‍ന്നതിന് ശേഷമാണ് ഇത്തരത്തില്‍ മനോഹരമായ വിമാനങ്ങള്‍ തനിക്ക് ഉണ്ടാക്കാന്‍ സാധിച്ചതെന്ന് ജുനൈദ് പറഞ്ഞു. എന്നാല്‍ ഇനി സ്വന്തമായി പറക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ ‘വിമാനം’ എന്ന സിനിമയിലെ പോലെ ഒരു വിമാനം നിര്‍മിക്കണമെന്നാണ് ജുനൈദിന്റെ സ്വപ്നം. അതിനുവേണ്ടിയുള്ള പരിശ്രമവുമായാണ് ഈ യുവാവ് മുന്നോട്ടു പോകുന്നത്. ഇതിന് പൂര്‍ണ്ണ പിന്തുണയോടെ നാട്ടുകാരും സുഹൃത്തുക്കളും ജുനൈദിന് ഒപ്പമുണ്ട്. മലപ്പുറം ചെമ്മാട് ആലിന്‍ചുവട് മുഹമ്മദ്- സുലൈഖ ദമ്പതികളുടെ മകനാണ് മുഹമ്മദ് ജുനൈദ്.

 

Sharing is caring!