ആഡംബര കാറുകളില്‍ രഹസ്യമായി വന്‍ തോതില്‍ മലപ്പുറത്തേക്ക് എംഡിഎംഎ

ആഡംബര കാറുകളില്‍ രഹസ്യമായി വന്‍ തോതില്‍ മലപ്പുറത്തേക്ക് എംഡിഎംഎ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടില്‍ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് 51 ഗ്രാം എം.ഡി.എം.എയുമായി പെരിന്തല്‍മണ്ണ എസ്.ഐ സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ പത്തു ലക്ഷത്തിലധികം രൂപ വിലവരുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ളതാണ് പിടികൂടിയ മയക്കുമരുന്നെന്നു പോലീസ് പറഞ്ഞു. ഗോവ, ബംഗളുരൂ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു സംഘം ആഡംബര കാറുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ചു വന്‍ തോതില്‍ എംഡിഎംഎ കേരളത്തിലേക്കു കടത്തുന്നതായും ഇതിന്റെ ഏജന്റുമാരായി ചെര്‍പ്പുളശേരി, ചെത്തല്ലൂര്‍ ഭാഗങ്ങളിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്്റ്റ്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്‌കുമാര്‍, സി.ഐ സുനില്‍ പുളിക്കല്‍, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ സംഘത്തിലെ മലപ്പുറം ജില്ലയിലെ ചില കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കെത്തിച്ച 51 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്നു കച്ചവടത്തിലേക്കിറങ്ങിയതെന്നു പോലീസിനോട് പറഞ്ഞു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ചെര്‍പ്പുളശേരി, ചെത്തല്ലൂര്‍ പ്രദേശത്തെ കണ്ണികളെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചു. ഇവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നു ഡി.വൈ.എസ്.പി എം.സന്തോഷ്‌കുമാര്‍, സി.ഐ സുനില്‍ പുളിക്കല്‍ എന്നിവര്‍ അറിയിച്ചു. എസ്.ഐ സി.കെ.നൗഷാദ്, ജൂണിയര്‍ എസ്ഐ ഷൈലേഷ്, ജില്ലാ ആന്റി നര്‍ക്കോട്ടിക്
സ്‌ക്വാഡിലെ സി.പി.മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, ദിനേഷ് കിഴക്കേക്കര, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ്.സി.പി.ഒ മുഹമ്മദ് ഫൈസല്‍, ബൈജു, ബെന്നി മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Sharing is caring!