വയോധികയെ കൊലപ്പെടുത്തിയ പേരമകളുടെ ഭര്‍ത്താവായ അദ്ധ്യാപകന് ജാമ്യമില്ല

വയോധികയെ കൊലപ്പെടുത്തിയ പേരമകളുടെ ഭര്‍ത്താവായ അദ്ധ്യാപകന് ജാമ്യമില്ല

മഞ്ചേരി: വയോധികയെ കൊലപ്പെടുത്തിയ പേരമകളുടെ ഭര്‍ത്താവായിരുന്ന നിലവില്‍ ബന്ധംവേര്‍പ്പെടുത്തിയ
അദ്ധ്യാപകന് ജാമ്യമില്ല.സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നതിനായി തനിച്ച് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) തള്ളി. മമ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ മമ്പാട് നിഷാദലിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2021 ജുലൈ 16ന് രാത്രി 9.30നാണ് രാമപുരം സ്വദേശി
ആയിഷ (72)നെ സ്വന്തം വീടിന്റെ കിടപ്പുറിക്കടുത്തുള്ള ഇടനാഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ നിഷാദലിയെ
സെപ്തംബര്‍ 11ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട ആയിഷയുടെ ശരീരത്തില്‍ നിന്നും 5 സ്വര്‍ണ്ണവളകള്‍, മൂന്ന് സ്വര്‍ണ്ണ മോതിരങ്ങള്‍, ഒരു ജോഡി കമ്മല്‍, മാട്ടി എന്നിവ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ 71.2 ഗ്രാം സ്വര്‍ണ്ണം പൊലീസ് നിലമ്പൂരിലെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തിരുന്നു. മങ്കട പൊലീസ് ഇന്‍സ്പെക്ടര്‍ യു കെ ഷാജഹാനാണ് കേസന്വേഷിക്കുന്നത്.
ജോലി ചെയ്യുന്ന സ്‌കൂളിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 80000 രൂപ, ഡിജിറ്റല്‍ കാമറ, സിസിടിവിയുടെ രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍, പ്രൊജക്ടര്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ മോഷ്ടിച്ച കേസിലും നിഷാദലി
പ്രതിയാണ്. കൊലപാതകം നടന്നതിന്റെ ആറുദിവസം മുമ്പാണ് മോഷണം നടന്നത്.

Sharing is caring!