മലപ്പുറം കൂറ്റമ്പാറയില്‍ 181 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയകേസില്‍ ഒരാള്‍കൂടി പിടിയില്‍

മലപ്പുറം: മലപ്പുറം കൂറ്റമ്പാറയില്‍ വച്ച് 181 കിലോഗ്രാം കഞ്ചാവും ഒരു കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി എക്സൈസിന്റെ പിടിയിലായി. കഞ്ചാവ് ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടുവരുന്നതിനായി ഉപയോഗിച്ച ബൊലേറോ പിക്കപ്പിന്റെ ഉടമ ഗൂഢല്ലൂര്‍ ഒന്നാം മൈല്‍ സ്വദേശി അബ്ദുള്‍ നിസാറി (38)നെയാണ് ഉത്തരമേഖലാ
എക്സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍. ബൈജുവും സംഘവും ചേര്‍ന്നു അറസ്റ്റ് ചെയ്തത്.
2021 സെപ്തംബര്‍17 നായിരുന്നു കൂറ്റമ്പാറയില്‍ വച്ച് 181 കിലോഗ്രാം കഞ്ചാവും ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേരെ നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പെക്ടറും സംഘവും പിടികൂടിയത്. കഞ്ചാവും ഹാഷിഷ് ഓയിലും കടത്തികൊണ്ടുവരവുന്നതിനായി ഉപയോഗിച്ച ഹോണ്ട സിറ്റി കാറും ഒരു ബൊലേറോ പിക്കപ്പ് വാഹനവും
പിടിച്ചെടുത്തിരുന്നു. പിന്നീട് കേസിന്റെ അന്വേഷണം എക്സൈസ് കമ്മീഷണര്‍ എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പിടിച്ചെടുത്ത പിക്കപ്പ് വാഹനത്തിന്റെ ഉടമ അറിഞ്ഞു കൊണ്ടു വാഹനം കഞ്ചാവ് കടത്തിനു വിട്ടുകൊടുത്തതായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ കേസില്‍ 10-ാം പ്രതിയായി വാഹന ഉടമ അബ്ദുള്‍ നിസാറിനെ അറസ്റ്റു ചെയ്തത്. ആന്ധ്രാപ്രദേശില്‍ നിന്നു കഞ്ചാവു കൊണ്ടുവന്ന ഗൂഢല്ലൂര്‍ സ്വദേശികളായ ഡ്രൈവറെയും സഹായിയെയും എക്സൈസ് ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ടിനു അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍
ഒളിവില്‍ പോയ മൂന്നു പ്രതികള്‍ക്കെതിരെ എക്സൈസ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കുകയാണ്.
അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഒാഫീസര്‍മാരായ കെ.വി. സുഗന്ധകുമാര്‍, കെ. സുധീര്‍, പി. സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍ ജിബില്‍, എക്സൈസ് ഡ്രൈവര്‍ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]