അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സ്റ്റേ നല്‍കിയില്ല

അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സ്റ്റേ നല്‍കിയില്ല

നിലമ്പൂര്‍: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സ്റ്റേ നല്‍കിയില്ല. കേസില്‍ പരാതിക്കാരന്റെയും എതിര്‍കക്ഷികളുടെയും വാദം കേള്‍ക്കാതെ സ്റ്റേ നല്‍കാനാവില്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍, പരാതിക്കാരന്‍ എം.പി വിനോദ് എന്നിവര്‍ക്ക് പ്രത്യേക ദുതന്‍ വഴി നോട്ടീസ് കൈമാറാന്‍ ഉത്തരവിട്ട കോടതി കേസ് പരിഗണിക്കുന്നത് 22ലേക്ക് മാറ്റി.
റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന എം.എല്‍.എയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അബ്ദുല്‍ലത്തീഫിന്റെ ഹരജിയാണ് നേരത്തെജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീല്‍ ഹര്‍ജിയിലും സ്റ്റേ ലഭിക്കാഞ്ഞതോടെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 11ന് ആരഭിച്ച റോപ് വെ പൊളിക്കല്‍ തുടരുകയാണ്.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും ഹോട്ടല്‍ പണിയാനുള്ള ബില്‍ഡിങ് പെര്‍മിറ്റ് നേടിയ ശേഷം നിയമവിരുദ്ധമായാണ് തടയണക്ക് കുറുകെ റോപ് വെ കെട്ടിയത്. നിലമ്പൂര്‍ സ്വദേശി എം.പി വിനോദിന്റെ പരാതിയെ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ 2017 ജൂലൈ 12ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ലത്തീഫിന് നോട്ടീസ് നല്‍കിയിരുന്നു. റോപ് വെ പൊളിച്ചുനീക്കാഞ്ഞതോടെ പരാതിക്കാരന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു. റോപ് വെ പൊളിക്കാനുള്ള ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ തുടര്‍ന്ന് റോപ് വെ പൊളിച്ചുനീക്കാന്‍ വീണ്ടും പഞ്ചായത്ത് 2021 നവംബര്‍ 17ന് അബ്ദുല്‍ ലത്തീഫിന് നോട്ടീസ് നല്‍കി. തന്റെ വാദം കേള്‍ക്കാതെയാണ് ഈ നോട്ടീസെന്നു കാണിച്ചാണ് റോപ് വെ പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ അബ്ദുല്‍ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചത്.
യാതൊരു അനുമതിയുമില്ലാതെയാണ് റോപ് വെ നിര്‍മ്മിച്ചതെന്നു നിരീക്ഷിച്ച സിംഗിള്‍ ബെഞ്ച് റോപ് വെ പൊളിക്കാനുള്ള 2017ലെ നോട്ടീസിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തെ നോട്ടീസെന്നും വിലയിരുത്തി. അബ്ദുല്‍ ലത്തീഫ് ഓംബുഡ്‌സ്മാനിലെ കേസിലെ കക്ഷിയായതിനാല്‍ ഓംബുഡ്‌സ്മാനെ സമീപിക്കാമെന്നു പറഞ്ഞാണ് ഹൈക്കോടതി ഹരജി തള്ളിയത്.
നേരത്തെ ചീങ്കണ്ണിപ്പാലില്‍ ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട കാട്ടരുവിയില്‍ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ഈ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. തന്റെ വാദം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അബ്ദുല്‍ലത്തീഫിന്റെ ഹരജിയില്‍ തടയണപൊളിക്കുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ കേസില്‍ കക്ഷിയാവുകയും തടയണക്കെതിരായി കേരള നദീസരംക്ഷണ സമിതിയുടെ പൊതുതാല്‍പര്യഹരജിയുമെത്തിയതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ചിലേക്ക് കേസ് മാറി. കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അബ്ദുല്‍ലത്തീഫിന്റെ ഹരജി തള്ളി തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇവിടെ അനുമതിയില്ലാത്ത ഒരു അനധികൃത നിര്‍മ്മാണവും പാടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് നല്‍കിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ബെഞ്ച് തന്നെയാണിപ്പോള്‍ കേസ് പരിഗണിക്കുന്നത്.

 

Sharing is caring!