ആസിഫിന്റെയും ദേവ്ദത്തിന്റെയും ചിറകിലേറി മലപ്പുറവും ഐ. പി. എല്‍ ആരവത്തില്‍ മുഴുകും

ആസിഫിന്റെയും ദേവ്ദത്തിന്റെയും ചിറകിലേറി മലപ്പുറവും ഐ. പി. എല്‍ ആരവത്തില്‍ മുഴുകും

മലപ്പുറം: ഇത്തവണത്തെ ഐ.പി.എല്‍ ആവേശം മലപ്പുറത്തും വാനോളം. ആസിഫിന്റെയും ദേവ്ദത്തിന്റെയും ചിറകിലേറി മലപ്പുറവും ഐ. പി. എല്‍ ആരവത്തില്‍ മുഴുകും. വീണ്ടും ഐ പി എല്ലില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷത്തിലാണ് എടവണ്ണ സ്വദേശി കെ.എം. ആസിഫ്. നിലവില്‍ ഐ.പി.എല്‍. ജേതാക്കള്‍ കൂടിയായ ചെന്നൈയ്‌ക്കൊപ്പം നാലാം പ്രാവശ്യവും ചേരാനായതിന്റെ ഇരട്ടിമധുരത്തിലാണ് ആസിഫുള്ളത്. 20 ലക്ഷം രൂപയ്ക്കാണ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്സ് ആസിഫിനെ ടീമിലെടുത്തത്.മീഡിയം ഫാസ്റ്റ് ബൗളിങ്ങുകാരനായ കെ.എം. ആസിഫ് 2018-ലാണ് ചെന്നൈ ടീമിലെത്തിയത്. കഴിഞ്ഞവര്‍ഷംവരെ അതേ കരാറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ നിലനിന്നു. പിന്നീട് ഈവര്‍ഷത്തെ ലേലത്തിലും ചെന്നൈ നിലനിര്‍ത്തുകയായിരുന്നു. ചെന്നൈയ്ക്കു വേണ്ടി മൂന്നു മത്സരങ്ങളാണ് ആസിഫ് കളിച്ചത്. നാലു വിക്കറ്റുകള്‍ നേടി. 2018 മുതല്‍ ചെന്നൈയുടെ ക്യാമ്പില്‍ സജീവമാണ്. ക്രിക്കറ്റില്‍ ഏറ്റവും പ്രിയപ്പെട്ട താരമായ എം.എസ്. ധോണിക്കൊപ്പം വീണ്ടും കളിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് കെ.എം. ആസിഫ്.

സന്തോഷിക്കാന്‍ ദേവ്ദത്ത് പടിക്കലുമുണ്ട്

ഐ.പി.എല്‍. ലേലത്തില്‍ മലപ്പുറത്തിനു സന്തോഷിക്കാന്‍ ദേവ്ദത്ത് പടിക്കലുമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് 7.75 കോടിക്കാണ് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ദേവ്ദത്ത് പടിക്കലിനെ സ്വന്തമാക്കിയത്. എടപ്പാള്‍ സ്വദേശി അമ്പിളി പടിക്കലിന്റെയും മകനാണ്. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലാണ് ദേവ്ദത്ത് കളിച്ചുവളര്‍ന്നത്. ഇവിടെ പരിശീലകനായ മുഹമ്മദ് അസറുദ്ദീനാണ് ദേവ്ദത്തിലെ പ്രതിഭയെ വളര്‍ത്തിയത്. വിജയ് ഹാസരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടി 20-യിലും മികച്ച ബാറ്റിങ് പ്രകടനം നടത്തിയതോടെയാണ് ശ്രദ്ധനേടിയത്. തുടര്‍ന്ന് ഐ.പി.എലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിലെത്തി. ബെംഗളൂരുവില്‍ മിന്നും പ്രകടനമാണ് ദേവ്ദത്ത് പുറത്തെടുത്തത്. ഇന്ത്യന്‍ താരങ്ങളുടെയുള്‍പ്പെടെ പ്രശംസ നേടിയ ദേവ്ദത്ത് പടിക്കല്‍ ഇനി മലയാളിയായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സില്‍ കളി തുടരും.

Sharing is caring!