മകളുടേ ഫോട്ടോ കാണിച്ച് മലപ്പുറം അരീക്കോട്ടെ യുവാവില്‍നിന്ന് 11 ലക്ഷം തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍

മകളുടേ ഫോട്ടോ കാണിച്ച് മലപ്പുറം അരീക്കോട്ടെ യുവാവില്‍നിന്ന് 11 ലക്ഷം തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍

അരീക്കോട്: കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍ (42), ഭാര്യ വര്‍ക്കല താഴെ വെട്ടൂര്‍ തെങ്ങറ റാഷിദ മന്‍സിലില്‍ റാഷിദ (38) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റുചെയ്തത്.അരീക്കോട് മേഖലയിലെ കച്ചവടക്കാരനായ അബ്ദുള്‍ വാജിദിന്റെ (26) പരാതിയിലാണ് അറസ്റ്റ്. അബ്ദുള്‍ വാജിദ് അനാഥയും നിര്‍ധനയുമായ യുവതിയെ വിവാഹംചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അനാഥാലയത്തില്‍ കഴിയുന്ന രോഗിയായ യുവതിയെന്ന പേരില്‍ റാഷിദ വാജിദുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്.
എന്നാല്‍ റാഷിദയുടേതെന്ന പേരില്‍ കാണിച്ച ചിത്രം അവരുടെ രണ്ടാമത്തെ മകളുടേതായിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച് താന്‍ തൃശ്ശൂരിലെ അനാഥാലയത്തില്‍ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്. ഇതറിഞ്ഞ് അനുകമ്പ തോന്നിയ വാജിദ് 2021 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള പത്തുമാസങ്ങള്‍ക്കിടയില്‍ പലപ്പോഴായി 11 ലക്ഷം രൂപയാണ് റാഷിദയുട അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയത്.

എന്നാല്‍ വിവാഹത്തിന്റെ കാര്യം പറയുമ്പോള്‍ നേരില്‍ കാണാന്‍പോലും അവസരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേല്‍വിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ താന്‍ കബളിപ്പിക്കപ്പെട്ട വിവരം വാജിദ് മനസ്സിലാക്കിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സംഘം വര്‍ക്കലയിലെത്തി റാഷിദയേയും ഭര്‍ത്താവിനേയും പിടികൂടി അരീക്കോട് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇവിടെവെച്ച് പോലീസ് ഓഫീസര്‍ സി.വി. ലൈജുമോന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ ചോദ്യംചെയ്യലില്‍ റാഷിദയ്‌ക്കൊപ്പം ഭര്‍ത്താവ് ബൈജുവും കൂട്ടുപ്രതിയാണെന്ന് വ്യക്തമായതോടെയാണ് ഇരുവരേയും അറസ്റ്റുചെയ്തത്.

 

Sharing is caring!