ഒരു റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നത് പോലെയേ എനിക്കുള്ളൂവെന്ന് പി.വി.അന്‍വര്‍

ഒരു റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നത് പോലെയേ എനിക്കുള്ളൂവെന്ന് പി.വി.അന്‍വര്‍

മലപ്പുറം: ഒരു റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നത് പോലെയേ എനിക്കുള്ളൂവെന്ന് പി.വി.അന്‍വര്‍.
തന്റെ ഫേസ്ബുക്കിലൂടെയാണ് ഇന്നു തന്റ ഭാര്യാപിതാവിന്റെ പേരിലുള്ള റോപ് പൊളിക്കാന്‍ തുടങ്ങിയതോടെ അന്‍വര്‍ രംഗത്തുവന്നത്. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

വേഷ്യാനെറ്റ് ന്യൂസിലെ’നമസ്‌തേ കേരളം’കണ്ടു.അഞ്ച് മിനിറ്റും പതിനാല് സെക്കന്‍ഡും എനിക്ക് വേണ്ടി മാറ്റി വച്ചതിന് നന്ദി.വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഷാജഹാനും അതിലേറെ നന്ദി.ലക്ഷങ്ങള്‍ മുടക്കിയാല്‍ പോലും ഇത്രയും പബ്ലിസിറ്റി വേറേ കിട്ടില്ല.സന്തോഷം.
വീഡിയോ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം തന്നെ തെറ്റാണല്ലോ ഷാജഹാനേ.പ്രദേശവാസിയായ ഒരാളുമല്ല പരാതിക്കാരന്‍.നിങ്ങള്‍ പ്രദേശവാസി എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി കക്കാടംപൊയിലില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന വ്യക്തിയാണ്.അതില്‍ നിന്ന് തന്നെ പരാതിക്കാരന്റെ ഉദ്ദേശശുദ്ധി വ്യക്തമാണല്ലോ.അവനെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് അവന് പോലും അറിയില്ല.രാവിലെ തന്നെ ഇങ്ങനെ പെരുംനുണ തള്ളി വിടരുത്.ഒരു റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നത് പോലെയേ എനിക്കുള്ളൂ.ഇത്ര ആഘോഷിക്കാന്‍ മാത്രം ഇവിടെ ആരും പൊട്ടിക്കരഞ്ഞ് തളര്‍ന്ന് കിടക്കാനൊന്നും പോകുന്നില്ല.
ഷാജഹാനും നമസ്‌തേ കേരളത്തിന്റെ അവതാരികയ്ക്കുമൊക്കെ വേറോരു ടാസ്‌ക്ക് തരാം.നല്ല ഒന്നാന്തരം സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം.എന്റെ പേരില്‍ അങ്ങനെ ഒന്ന് നിനക്കൊന്നും ചൂണ്ടി കാണിക്കാന്‍ കഴിയില്ലല്ലോ.സര്‍ക്കാര്‍ ഭൂമി കൈയ്യേറി,അതില്‍ അനധികൃതമായി റിസോര്‍ട്ട് കെട്ടിപൊക്കി വച്ചിരിക്കുന്ന ആള്‍ എന്നേക്കാള്‍ പ്രമുഖനാണ്.നിങ്ങളുടെ മുതലാളി രാജീവ് ചന്ദ്രശേഖര്‍.അയാളുടെ ഉടമസ്ഥതയിലുള്ള കുമരകം നിരാമയാ റിട്രീറ്റ്‌സ് എന്ന റിസോര്‍ട്ട് കെട്ടി പൊക്കി വച്ചിരിക്കുന്നത്,ഏഴര സെന്റ് സര്‍ക്കാര്‍ ഭൂമിയുടെ നെഞ്ചത്താണ്.എന്തായാലും ആ പണിയൊന്നും പി.വി.അന്‍വര്‍ ചെയ്തിട്ടില്ല.
ആണാണെങ്കില്‍,കുമരകത്ത് പോയി അതൊന്ന് റിപ്പോര്‍ട്ട് ചെയ്യണം.കാണട്ടേ,നിന്റെയൊക്കെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണ്ണലിസത്തിന്റെ നട്ടെല്ല്.ആണാണെങ്കില്‍ മാത്രം മതി കേട്ടോ.അപ്പോ ശരി..നടക്കട്ടേ..
എന്ന് പറഞ്ഞാണ് അന്‍വര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

റോപ് വെ പൊളിക്കാന്‍ തുടങ്ങിയത് അഞ്ചു
വര്‍ഷംനീണ്ട നിയമപോരാട്ടത്തിനൊടുവില്‍

അന്‍വറിന്റെ പിതാവിന്റെ അനധികൃത റോപ് വെ പൊളിക്കാന്‍ തുടങ്ങിയത് അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍. ചീങ്കണ്ണിപ്പാലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ മലയിടിച്ച് കാട്ടരുവി തടഞ്ഞ് പി.വി അന്‍വര്‍ അനധികൃതമായി തടയണകെട്ടിയത് 2015ലാണ്. ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കല്‍ നാള്‍ വഴികള്‍ ഇങ്ങിനെയാണ്.

-ചീങ്കണ്ണിപ്പാലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ മലയിടിച്ച് കാട്ടരുവി തടഞ്ഞ് പി.വി അന്‍വര്‍ 2015ല്‍ അനധികൃതമായി തടയണകെട്ടി

-നിയമവിരുദ്ധമായ തടയണപൊളിക്കാന്‍ 2015 സെപ്തംബര്‍ 7ന് മലപ്പുറം കളക്ടര്‍ ഉത്തരവിട്ടു.

-പി.വി അന്‍വര്‍ വിലക്കുവാങ്ങാന്‍ കരാര്‍ എഴുതിയ തടയണ ഉള്‍പ്പെടുന്ന 8 ഏക്കര്‍ ഭൂമി രണ്ടാം ഭാര്യയുടെ പിതാവ് സി.കെ അബ്ദുല്‍ലത്തീഫിന്റെ പേരിലേക്കു മാറ്റി.

– 2016 മെയ് 19ന് അന്‍വര്‍ നിലമ്പൂരില്‍ നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു.

-ചീങ്കണ്ണിയിലെ തടയണഉള്‍പ്പെടുന്ന സ്ഥലത്ത് റസ്റ്റോറന്റ്, ലോഡ്ജ് കെട്ടിടം പണിയാന്‍ സി.കെ അബ്ദുല്‍ലത്തീഫ് 2017 മാര്‍ച്ച് 10ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും ബില്‍ഡിങ് പെര്‍മിറ്റ് നേടി.

-തടയണക്ക് കുറുകെ യാതൊരു അനുമതിയുമില്ലാതെ റോപ് വെ പണിതു.

-റസ്റ്റോറന്റ് പണിയാനുള്ള അനുമതിയുടെ മറവില്‍ റോപ് വെ പണിയുന്നതായി കാണിച്ച് 2017 മെയ് 18ന് നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.

-നിയമവിരുദ്ധമായി പണിത റോപ് വെക്കെതിരെ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാഞ്ഞതോടെ ഇക്കാര്യം ചൂണ്ടികാട്ടി 2017 ആഗസ്റ്റ് 3ന് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി.

– 2017 ആഗസ്റ്റ് 3ന് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് പരാതി നല്‍കി.

-അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ സി.കെ അബ്ദുല്‍ലത്തീഫിന് നോട്ടീസ് നല്‍കിയതായി 2017- ആഗസ്റ്റ് 8ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനെ അറിയിച്ചു.

-റോപ് വെ പൊളിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് റോപ് പൊളിക്കാന്‍ നടപടിയാവശ്യപ്പെട്ട് 2018 മെയ് 18ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് പരാതി നല്‍കി.

-റോപ് വെ അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30തിന് റിപ്പോര്‍ട്ട് ചെയ്യാന്‍ 2019 സെപ്തംബര്‍ 22ന് ഓംബുഡ്സ്മാന്‍ ഉത്തരവ് .

– റോപ് വെ പൊളിക്കാനുള്ള ഉത്തരവ് കൈമാറാന്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ മേല്‍വിലാസം അറിയില്ലെന്ന് പഞ്ചായത്തിന്റെ വിശദീകരണം. ഉത്തരവ് പാലിക്കാഞ്ഞതോടെ ഇനി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഓംബുഡ്സ്മാന്‍ 2019 നവംബര്‍ 30ന് താക്കീത് നല്‍കി. റോപ് വെ പൊളിച്ച് ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യാനും ഉത്തരവിട്ടു.

-2021 ജനുവരി 20തിന് റോപ് വെ പൊളിക്കാന്‍ കരാറുകാരന് ടെന്‍ഡര്‍ നല്‍കിയതായും ഒരു മാസത്തിനകം പൊളിച്ചുനീക്കാമെന്നും പഞ്ചായത്തിന്റെ റിപ്പോര്‍ട്ട്. രണ്ട് മാസത്തിനകം പൊളിച്ചുനീക്കി മാര്‍ച്ച് 31 റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഓംബുഡ്സ്മാന്റെ അന്തിമ ഉത്തരവ്.

-തടയണ അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ചുമതലയെന്ന് ഓംബുഡ്സ്മാന്‍.

-10-2-2022ന് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും തൊഴിലാളികളുമെത്തി പൊളിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

-11-2-2022ന് തടയണക്ക് മറുകരയിലുള്ള റോപ് വെയുടെ രണ്ട് തൂണുകളില്‍ ഒന്ന് പൊളിച്ച് തുടങ്ങി.

പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ ഇന്നാണ് പൊളിച്ചുതുടങ്ങിയത്. റോപ് വേയാണ് ആദ്യം പൊളിക്കുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പൊളിക്കല്‍ നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഓംബുഡ്സ്മാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് നിര്‍മ്മാണം പൊളിക്കുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തടയിണ പൊളിക്കല്‍ നടപടി. രാവിലെ 10 മണിയ്ക്ക് ശേഷം പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.
നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാന്‍ ഒക്ടോബര്‍ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം റോപ്വെ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന് നോട്ടിസ് നല്‍കിയത്. റോപ്വെ പൊളിച്ചു നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂര്‍ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ചത്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയില്‍ പറയുന്നത്.
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ മുപ്പതിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഓംബുഡ്സ്മാന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. സമയ പരിധിക്കുള്ളില്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് ചിലവില്‍ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.
അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്.
റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്.

 

Sharing is caring!