മലപ്പുറം പൊന്മളയിലെ വീട്ടുപറമ്പില്‍ നിന്ന് സ്വര്‍ണനിധി കണ്ടെത്തി

മലപ്പുറം: തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെ മലപ്പുറം പൊന്മളയിലെ വീട്ടുപറമ്പില്‍ നിന്നു സ്വര്‍ണനിധി കണ്ടെത്തി. പൊന്മള ഗ്രാമ പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറത്ത് തെക്കേമുറി കാര്‍ത്ത്യായനിയുടെ വീട്ടുവളപ്പില്‍ നിന്നാണ് നിധി കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ വാര്‍ഡിലെ പദ്ധതി പ്രകാരം തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണ് നിധി കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ കുഴിയെടുക്കുന്നതിനിടെ ആദ്യം മണ്‍കലമാണ് കണ്ടത്. തുടര്‍ന്നു എല്ലാവരുംകൂടി കലംതുറന്നുനോക്കിയപ്പോഴാണ് അകത്തു സ്വര്‍ണ നിറത്തിലുള്ള നിറയെ നാണയങ്ങളും വളയങ്ങളും കാണുന്നത്. ഇതോടെ നാട്ടില്‍ നിധി കണ്ടെത്തിയെന്ന വാര്‍ത്ത ഇതിനോടകം പരന്നു. നിധി കിട്ടിയെങ്കിലും തൊഴിലാളികളുടെ കണ്ണ് മഞ്ഞളിച്ചില്ല. അവര്‍ വേഗം തന്നെ സ്ഥലമുടമസ്ഥയേയും കുടുംബാംഗങ്ങളേയും വിവരമറിയിക്കുകയായിരുന്നു.
കാലി വളര്‍ത്തലും കൃഷിയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച വിധവയായ കാര്‍ത്ത്യായനിയുടെതായിരുന്നു പറമ്പ്. നിധി കണ്ടെത്തുമ്പോള്‍ കാര്‍ത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. അവര്‍ വന്നയുടനെ തൊഴിലുറപ്പ് തൊഴിലാളികള്‍ നിധിയായി കിട്ടിയ മുഴുവന്‍ വസ്തുക്കളും കുടുംബത്തിനു കൈമാറി. നിര്‍ധന കുടുംബത്തില്‍പ്പെട്ട കാര്‍ത്ത്യായനിയാകട്ടെ ഉടന്‍ പഞ്ചായത്ത് അധികൃതരെയും മറ്റും അറിയിച്ച് നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിധി കൈമാറി.
നിര്‍ധനകുടുംബങ്ങള്‍ക്കുള്ള പ്രവൃത്തികളില്‍പ്പെടുത്തിയാണ് പതിനഞ്ചോളം തൊഴിലാളികള്‍ ഇവിടെ തൊഴിലുറപ്പ് പണിയെടുത്തത്. മണ്‍കൈയാല നിര്‍മാണം, മഴക്കുഴി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയിരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുന്‍പ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴിയായും പിന്നീട് ആവശ്യമെങ്കില്‍ തെങ്ങിന്‍തൈ നടാനും സൗകര്യപ്പെടുന്ന വിധത്തില്‍ കുഴിയെടുക്കുമ്പോഴാണ് മണ്‍കലം കണ്ടെത്തിയത്.
മണ്‍കലത്തിനുള്ളിലാക്കി ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്ന നിധി. സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്തലി, അംഗങ്ങളായ കെ രാധ, സുബൈര്‍ പള്ളിക്കര, കെ ടി അക്ബര്‍, മുന്‍ പഞ്ചായത്തംഗം കെ നാരായണന്‍കുട്ടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ലോഹപ്പെട്ടി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഭൂവുടമ കാര്‍ത്ത്യായനിയുടെ മകന് പുഷ്പ രാജിന്റെ സാന്നിധ്യത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജില്ലാ സിവില്‍ സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിക്കുകയായിരുന്നു. പുരാവസ്തു വകുപ്പാണ് ഇവ പരിശോധിക്കേണ്ടത്. പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചിട്ടുണ്ട്.
പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധി ജില്ലാ ട്രഷറിയിലേക്കു മാറ്റി. ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതല്‍ അന്വേഷണം നടത്തും. പൊലീസും സ്ഥലത്തെത്തിയിരുന്നു.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]