ഗള്‍ഫ് രാജ്യങ്ങളില്‍ സുലഭമായ പച്ചക്കറി ഇനം മലപ്പുറത്ത് കൃഷിചെയ്ത് നേട്ടംകൊയ്ത് നാലകത്ത് സിദീഖ്
മലപ്പുറം: കൂസയില് നിന്നും 250 രൂപയും പച്ചകൂസയില് നിന്നും 500 രൂപയും ലഭിക്കും. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത കൂസ കൃഷിയില്‍ നേട്ടം കൊയ്യുകയാണ് നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ നാലകത്ത് സിദീഖ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ ഉപയോഗിക്കുന്ന പച്ചക്കറി ഇനമായ കൂസ നമ്പൂരിപൊട്ടിയിലെ മതില്‍മൂലയിലുള്ള കൃഷിയിടത്തിലാണ് സിദീഖ് കൂസ കൃഷി പരീക്ഷിച്ചത്. കൃഷി വിജയിക്കുകയും വിളവെടുക്കുകയും ചെയ്തു.
പാട്ടത്തിനെടുത്ത പത്തേക്കര്‍ ഭൂമിയില്‍ 20 സെന്റ് സ്ഥലത്താണ് കൂസ കൃഷിയുള്ളത്. നെല്ലും കപ്പയും വാഴയും ചേനയും ചേമ്പും കാച്ചിലുമെല്ലാം പച്ചപ്പോടെ നില്ക്കുന്ന കൃഷിയിടമാണിത്. 2008 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ‘ഹരിതമിത്ര’ സംസ്ഥാന അവാര്‍ഡ് ജേതാവായ സിദീഖിന് ഏതു കൃഷിയും വഴങ്ങും.
ഗള്‍ഫ് നാടുകളില്‍ പച്ചക്കറി സാലഡുകള്‍ ഉണ്ടാക്കുന്നതിന് പ്രധാനമായി ഉപയോഗിക്കുന്ന ഒരിനം പച്ചക്കറിയാണ് കൂസ. കൃഷിക്കാവശ്യമായ വിത്ത് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് കൊണ്ടുവരുന്നത്. 110 ദിവസം വളര്ച്ചയെത്തിയാല് വിളവെടുക്കാനാകും. കക്കരിക്ക പോലെ നീളത്തില്‍ പച്ച നിറത്തിലും മഞ്ഞ നിറത്തിലുമാണ് കായ്കളുണ്ടാവുക.
തായ്ച്ചെടിയില്‍ നിന്നു ധാരാളം പുതിയ ശിഖരങ്ങളുണ്ടാകും. ഒരു ചെടിയില്‍ നിന്നു മാത്രം അഞ്ചു കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. മഞ്ഞ കായക്ക് കിലോഗ്രാമിന് 50 രൂപയും പച്ചക്ക് 100 രൂപയും വിപണിയില്‍ വിലയുണ്ട്. ഒരു മഞ്ഞ
കൂസയില് നിന്നും 250 രൂപയും പച്ചകൂസയില് നിന്നും 500 രൂപയും ലഭിക്കും. ഒരു വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വരെ കൃഷി ചെയ്യാം. സിദീഖ് തന്റെ കൃഷിയിടത്തില്‍ ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും സിദീഖ് കൂസ കൃഷി ചെയ്തിരുന്നു. ഉത്പ്പന്നത്തിന് വിപണിയില്‍ നല്ല പ്രതികരണമാണുള്ളത്. ഗള്‍ഫില്‍ നിന്നും അവധിക്കെത്തുന്നവര് നാട്ടിലെ കടകളില്‍ കൂസ കാണുന്നതോടെ വാങ്ങുന്നുണ്ട്. ഇപ്പോള്‍ കടകളില്‍ നിന്നും കൂടുതല്‍ പേര് കൂസ ആവശ്യപ്പെട്ട് വിളിക്കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സ്ഥലത്തേക്ക് കൂസ കൃഷി വ്യാപിപ്പിക്കും.
കീടങ്ങളുടെ അക്രമണം കുറവായതും ഹ്രസ്വകാലയളവില്‍ വിളവെടുക്കാന്‍ കഴിയുന്നതും കൂസ കൃഷി ലാഭകരമാക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരുമുള്‍പ്പെടെ നിരവധി പേരാണ് ദിവസവും സിദിഖിന്റെ കൂസ ക്യഷി കാണാന്‍ എത്തുന്നത്.
ബിരിയാണിക്കുള്ള അരിയടക്കമുള്ള വിവിധ നെല്ലുകള്‍, പത്തോളം ഇനം വാഴകള്‍, കൈതച്ചക്ക, തക്കാളിയുള്‍പ്പെടെയുള്ള എല്ലായിനം പച്ചക്കറികളുമടക്കം സിദീഖ് കൈവയ്ക്കാത്ത കൃഷി മേഖലയില്ല. പലസ്ഥലങ്ങളിലും കൃഷി സംബന്ധിച്ച് ക്ലാസുകള്‍ എടുക്കാനും പോകാറുണ്ട്. വര്‍ഷങ്ങളായി സിദിഖിന്റെ കൂടെ ജോലി ചെയ്യുന്ന വിജയകുമാരി മികച്ച കര്‍ഷക തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘ശ്രമശക്തി’ അവാര്‍ഡ് നേടിയിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ ഏഴു മണിയോടെ കൃഷിയിടത്തിലെത്തുന്ന സിദീഖ് വൈകുന്നേരം അഞ്ചു മണി വരെ കൃഷിയിടത്തിലുണ്ടാകും. രാത്രി രണ്ടു മണിക്കൂറോളം ജലസേചനത്തിനായും കൃഷിയിടത്തിലുണ്ടാകും. കൂടുതല്‍ കൃഷികള്‍ തന്റെ കൃഷിയിടത്തില്‍ പരീക്ഷിക്കണമെന്ന ആഗ്രഹമാണ് ഈ കര്‍ഷകനുള്ളത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]