സ്വര്‍ണഖനനത്തിന് അന്‍വര്‍ എം.എല്‍.എയുടെ സഹായിയായി ആഫ്രിക്കയില്‍ പോയ ഷാജി മരണപ്പെട്ടു

സ്വര്‍ണഖനനത്തിന് അന്‍വര്‍ എം.എല്‍.എയുടെ സഹായിയായി ആഫ്രിക്കയില്‍ പോയ ഷാജി മരണപ്പെട്ടു

മലപ്പുറം: ആഫ്രിക്കയില്‍ സ്വര്‍ണഖനനത്തിന് പോയ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹായി കക്കാടംപൊയിലിലെ മീനാട്ടുകുന്നേല്‍ ഷാജി (53) ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ മരണപ്പെട്ടു. കഴിഞ്ഞ മാസം 18നാണ് ഷാജി സിയറ ലിയോണില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ അടുത്തേക്ക് പോയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. ഷാജിയുടെ മകന്‍ ജെറോം അവിടെയുണ്ട്. മൃതദേഹം അഞ്ചിന് നാട്ടിലെത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനു ശേഷമാണ് അന്‍വര്‍ ആഫ്രിക്കയിലേക്ക് വീണ്ടും പോയത്. ആഫ്രിക്കയിലുണ്ടായിരുന്ന അന്‍വറിന്റെ മകനെ നാട്ടിലേക്കയച്ചാണ് ഷാജിയെ അവിടേക്ക് കൊണ്ടുപോയത്. ഷാജിയുടെ ഭാര്യ: ലൗലി. മക്കള്‍: അമല, അഭയ, ജെറോം. മരുമക്കള്‍: ലാലു, തോമസ്‌കുട്ടി.
തനിക്കേറ്റ സാമ്പത്തിക പ്രതിസന്ധി മാറികടക്കാനാണെന്ന് പറഞ്ഞാണ് അന്‍വര്‍ എം.എല്‍.എ
ആഫ്രിക്കയിലേക്ക് പോയത്. നേരത്തെ പാര്‍ട്ടി തനിക്ക് മൂന്ന് മാസം ലീവ് അനുവദിച്ചിട്ടുണ്ടെന്നും അന്‍വര്‍ വിശദീകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനനത്തിലാണ്. നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന ഒരാളാണ് ഞാന്‍. നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ അത് പൂട്ടിച്ചു. അതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് ആഫ്രിക്കയില്‍ വരേണ്ടി വന്നത്. മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണികഴിക്കലും അല്ല എംഎല്‍എയുടെ പണി. വോട്ട് നേടാന്‍ വേണ്ടി ഒരു കല്യാണത്തിനും ഞാന്‍ പോയിട്ടില്ല. പോവുകയുമില്ല. എന്റെ തൊട്ടടുത്ത എംഎല്‍എയുടെ പേര് കല്യാണരാമന്‍ എന്നാണ് അറിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ഞായറാഴ്ച പോലും പ്രര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസാണ് എന്റേത്. ഒരു മാസത്തിന് ശേഷമെ മടങ്ങി വരുകയുള്ളു പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു എംഎല്‍എ ആയാല്‍ ആര്‍ക്കും കുതിര കയറാമെന്ന് ധാരണയുള്ള പത്രക്കാര്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 

 

Sharing is caring!