അവശത അനുഭവിക്കുന്ന കാലികളെ പരിചരിക്കാന്‍ കൗ ലിഫ്റ്റുമായി മലപ്പുറത്തെ യുവകര്‍ഷകന്‍

അവശത അനുഭവിക്കുന്ന കാലികളെ പരിചരിക്കാന്‍ കൗ ലിഫ്റ്റുമായി മലപ്പുറത്തെ യുവകര്‍ഷകന്‍

മലപ്പുറം: അവശത അനുഭവിക്കുന്ന കാലികളെ പരിചരിക്കാന്‍ കൗ ലിഫ്റ്റുമായി യുവകര്‍ഷകന്‍. കാലികളെ ഒറ്റയ്ക്ക് ഉയര്‍ത്തി ചികിത്സിക്കാവുന്ന ‘കൗ ലിഫ്റ്റ്’ എന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കയാണ് ക്ഷീരകര്‍ഷകനായ മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശി നൗഷാദ് മേലേതൊടി.
സ്വയം എഴുന്നേല്‍ക്കാന്‍ കഴിയാത്ത പശുക്കളെ യന്ത്രമുപയോഗിച്ച് ഉയര്‍ത്തിനിര്‍ത്തി കുളിപ്പിക്കുന്നതിനും മുറിവുകള്‍ വൃത്തിയാക്കുന്നതിനും ഗ്ലൂക്കോസ്, മരുന്നുകള്‍ മുതലായവ നല്‍കാനും ‘കൗ ലിഫ്റ്റി’ലൂടെ സാധിക്കും.
മൃദുലവും ഭാരം താങ്ങാന്‍ കഴിയുന്നതുമായ നാലു ബെല്‍റ്റുകളാണ് യന്ത്രത്തിന്റെ പ്രധാന ഭാഗം. ഇവ കാലികളുടെ ശരീരത്തില്‍ ഘടിപ്പിച്ച് ആവശ്യാനുസരണം ഉയര്‍ത്താം. ഒരു ടണ്‍ വരെയുള്ള ഭാരം ഉയര്‍ത്താന്‍ കഴിയും. ജിഐ കുഴലുകള്‍ ഉപയോഗിച്ച് നാലു കാലുകളിലാണ് കൗ ലിഫ്റ്റിന്റെ പ്രവര്‍ത്തനം. മുന്‍പിലെ കാലുകളില്‍ ചക്രങ്ങള്‍ ഘടിപ്പിച്ചതിനാല്‍ ആവശ്യത്തിന് ഉരുട്ടിക്കൊണ്ടുപോകുന്നതിനും കഴിയും. ഫാമുകള്‍, സൊസൈറ്റികള്‍, ആശുപത്രികള്‍ എന്നിവക്ക് ഇവ ഉപകാരപ്പെടുമെന്ന് നൗഷാദ് പറയുന്നു. കഴിഞ്ഞ 14 വര്‍ഷമായി ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൗഷാദ് പാലും പാലുല്‍പ്പന്നങ്ങളും സ്വന്തമായി നിര്‍മിക്കുന്നുണ്ട്. എടരിക്കോട് പുതുപ്പറമ്പില്‍ അഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് പശുവളര്‍ത്തലും പുല്‍കൃഷിയും പാല്‍ അനുബന്ധ വസ്തുക്കളുടെ നിര്‍മാണവും നടത്തുന്നത്. കാലികളുടെ കൊളമ്പുകള്‍ വെട്ടിമിനുക്കുന്ന ‘ഹൂഫ് ട്രിമ്മിങ്ങി’ല്‍ ഇതിനകം പ്രശസ്തിനേടിയിരിക്കയാണ് നൗഷാദ്.

 

Sharing is caring!