വീട്ടുമുറ്റത്ത് പുലി

വീട്ടുമുറ്റത്ത് പുലി

മലപ്പുറം: മലപ്പുറം കക്കാടംപൊയില്‍ വാളം തോട്ടില്‍ വീട്ടുമുറ്റത്ത് പുലിയെ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ ഒറ്റതെങ്ങുങ്കല്‍ മാത്യുവിന്റെ വീടിന് മുന്‍വശത്താണ് പുലിയെ കണ്ടെത്തിയത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് നായകള്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തെത്തി നോക്കി എങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംശയത്തെ തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് പുലി എത്തിയതായി കണ്ടത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വീട്ടുമുറ്റത്ത് നിന്ന നായയെ പുലി ഓടിക്കുന്ന ദൃശ്യങ്ങളാണ് വീട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് നിലമ്പൂരില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് പുലിയെ പിടികൂടുന്നതിനു വേണ്ടി കൂട് സ്ഥാപിക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ അറിയിച്ചു. കക്കാടംപൊയില്‍ വാളംതോട് പുലി എത്തിയ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളുടെ പ്രചരിച്ചതോടെ പ്രദേശവാസികള്‍ വലിയ ഭീതിയിലാണ്.

നേരത്തെ തന്നെ ഈ പ്രദേശങ്ങളില്‍ ആന, പന്നി ഉള്‍പ്പെടെയുള്ള വന്യജീവിശല്യം രൂക്ഷമാണ്. ഇതിനുപിന്നാലെയാണ് ഈ പ്രദേശത്ത് ജനങ്ങളെ ഭീതിയിലാക്കി പുലിയുടെ സാന്നിധ്യവും കണ്ടെത്തിയത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്യുവിന്റെ വീട്ടിലുള്ള നായയെ പിടികൂടാനാണ് പുലി എത്തിയത് എന്നാണ് നിഗമനം. മറ്റൊരു നായ ഇത് തടഞ്ഞു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ പുലി ഓടി രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി തങ്ങള്‍ ഈ പ്രദേശത്ത് താമസിച്ചുവരികയാണെന്നും ആദ്യമായാണ് ഇത്തരത്തില്‍ പുലിയെ കണ്ടതെന്നും മാത്യു പറയുന്നു.പുലിയുടെ ആക്രമണത്തില്‍ നായക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറോട് പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു പറഞ്ഞു.

 

Sharing is caring!