സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഫാത്തിമ തഹ്ലിയ

സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഫാത്തിമ തഹ്ലിയ

മലപ്പുറം: സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മതപരമായ വസ്ത്രം ധരിക്കാവുന്ന സേനകള്‍ ഇന്ത്യയിലുണ്ടെന്നിരിക്കെയാണ് എസ്പി.സി കേഡറ്റിന് തലയും കൈയും മറയ്ക്കാനാകില്ലെന്ന് പറയുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ സിഖ് സൈനികര്‍ മതപരമായ വസ്ത്രം ധരിക്കുന്നുണ്ട്.

എസ്പി.സിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. മതപരമായ വസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് എസ്പി.സിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെന്നും ഫാത്തിമ തഹ്ലിയ വിമര്‍ശിക്കുന്നു.

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകള്‍ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്പി.സി കേഡറ്റിന് തലയും കൈയും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സര്‍ക്കാര്‍ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്. ഇന്ത്യന്‍ ആര്‍മിയില്‍ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരില്‍ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യന്‍ ആര്‍മിയില്‍. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന എസ്പി.സിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.

അതേസമയം ആഭ്യന്തര വകുപ്പിന്റെ ഉത്തരവിനെതിരെ വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും രംഗത്തുവന്നു. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങള്‍ എസ്പി.സിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നാണു സര്‍ക്കാറിന്റെ പക്ഷം. എന്നാല്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളലാണു ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്തസത്തയെന്ന് സുഹറ മമ്പാട് വ്യക്തമാക്കി.

വസ്ത്രത്തിലും ഭാഷയിലും ഭക്ഷണത്തിലും മതത്തിലും എല്ലാമുള്ള വൈവിധ്യങ്ങള്‍ ഒന്നുചേര്‍ന്ന മനോഹരമായ ഉദ്യാനമാണു ഭാരതം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കണ്ടതുപോലെ ഒന്നിലേക്ക് മാത്രം ചുരുക്കലല്ല ‘ഹിന്ദുസ്ഥാന്‍’ എന്ന മഹത്തായ രാജ്യത്തിന്റെ ആശയം.ഫാഷിസ്റ്റ് സര്‍ക്കാറിന്റെ ആ രീതി കേരളത്തിലും കൊണ്ടുവരുന്നത് രാജ്യത്തിന്റെ മതേതരത്വ ആശയത്തിനു നല്ലതല്ല. ഗ്രേസ് മാര്‍ക്കും മറ്റും ലഭിക്കുന്ന എസ്പി.സിയില്‍ മതത്തിന്റെ ഭാഗമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണ്. വിശാലമായ അര്‍ഥത്തിലും ആശയത്തിലും മതേതരത്വം മനസിലാക്കാനും നടപ്പിലാക്കാനും ഭരിക്കുന്നവര്‍ ശ്രമിക്കണം.

എസ്പി.സി യൂണിഫോമിലും സ്‌കൂള്‍ യൂണിഫോമിലും ഇത്തരം കടന്നുകയറ്റങ്ങള്‍ കുട്ടികളുടെ അഭിരുചികള്‍ക്ക് വിലങ്ങുതടിയാവും. പ്രകടനപരതക്കപ്പുറത്ത് രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളാണു മതേതരത്വവും മൗലികാവകാശങ്ങളും. അതിനാല്‍ സര്‍ക്കാര്‍ മൗലികാവകാശങ്ങളുടെ മേലുള്ള ഈ കടന്നു കയറ്റം പിന്‍വലിക്കണമെന്ന് സുഹറ മമ്പാട് ആവശ്യപ്പെട്ടു.

സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമാകുമെന്ന് കാണിച്ചാണ് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.. ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കുള്ളതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കുള്ളതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. വിവിധ മതവിഭാഗത്തിലുള്ളവര്‍ സ്റ്റുഡന്‍സ് പൊലീസിലുണ്ട്. അതില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടെ അമ്പത് ശതമാനം പെണ്‍കുട്ടികളാണ്. ഇതുവരെ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അംഗീകരിക്കാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. കുറ്റ്യാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിനെ സമീപിക്കാനായിരുന്നു ജസ്റ്റിസ് വി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചത്.

Sharing is caring!