വണ്ടൂരിലെ ബാല വിവാഹക്കേസില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
മലപ്പുറം: മലപ്പുറം വണ്ടൂരിലെ ബാല വിവാഹക്കേസില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി
ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ല്യൂ.സി). ആദ്യഘട്ടത്തില്‍ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വണ്ടൂര്‍ പൊലീസ് തയാറായില്ലെന്നാണ് ആരോപണം. ബാലവിവാഹം നടന്നതായി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ കൃത്യ സമയത്ത് നല്‍കാനായില്ലെന്നും സിഡബ്ല്യുസി ചെയര്മാന് കെ ഷാജേഷ് ഭാസ്ക്കര്‍ പറഞ്ഞു.
പിന്നീട് ചൈല്‍ഡ് ലൈന്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ബാലവിവാഹം സ്ഥിരീകരിച്ചത്.
ഇതിന് ശേഷം വിവാഹിതയും 6 മാസം ഗര്‍ഭിണിയുമായ പതിനേഴുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. വണ്ടൂരിലേക്കു വിവാഹം ചെയ്തയച്ച മലപ്പുറം സ്വദേശിനിയാണ് സുരക്ഷിത കേന്ദ്രത്തില്‍ ഇപ്പോഴുള്ളത്.
ഒരു വര്‍ഷം മുന്‍പ്, പെണ്‍കുട്ടിക്കു 16 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. സംഭവത്തില്‍ ബാലവിവാഹ നിരോധനം, പോക്സോ വകുപ്പുകള്‍ പ്രകാരം വരനും വീട്ടുകാര്‍ക്കും വധുവിന്റെ വീട്ടുകാര്‍ക്കുമെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമാണു പെണ്‍കുട്ടി. വണ്ടൂര്‍ സ്വദേശിയായ വരന് ഇവരുടെ ബന്ധുവാണ്.
ബാല വിവാഹങ്ങള്‍ തടയുന്നതിനു നിയോഗിക്കപ്പെട്ട വണ്ടൂരിലെ ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസര്‍ക്കാണു സംഭവത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. കുട്ടിയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ പരിശോധിച്ചപ്പോള്‍ പരാതി ശരിയെന്നു ബോധ്യമായി. ഇക്കാര്യം വണ്ടൂര്‍ പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാല്‍ സിഡബ്ല്യുസിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
സിഡബ്ല്യുസിയുടെ നിര്‍ദേശ പ്രകാരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇത്തരം കേസുകളില്‍ ബാലവിവാഹ നിരോധന നിയമപ്രകാരമാണു കേസെടുക്കുന്നത്. എന്നാല്‍, പെണ്‍കുട്ടി ഗര്‍ഭിണിയായതിനാല്‍ പോക്സോ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.
ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് പെണ്‍കുട്ടി ചികില്‍സ തേടിയത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സിഡബ്ല്യുസിയെയും വിവരമറിയിക്കുകയായിരുന്നു. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]