പ്രൗഢഗംഭീരമായി മലപ്പുറത്തെ റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍

പ്രൗഢഗംഭീരമായി മലപ്പുറത്തെ റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍

മലപ്പുറം: ഭരണഘടനയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നതിനും നിഷ്പ്രഭമാക്കുന്നതിനുമുള്ള ചില ഗൂഢപരിശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഈ കാലത്ത് ഭരണഘടനയെ അടുത്തറിയാനും മനസ്സിലാക്കാനും പഠിക്കാനും രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് വന്യൂ മന്ത്രി കെ.രാജന്‍. 73 ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കൊപ്പം പൗരന്റെ അനിവാര്യ ചുമതലകളെക്കുറിച്ചും നാം ബോധവാന്മാരും ബോധവതികളും ആകേതുണ്ട്. ജാതിയുടെയോ മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ വര്‍ണ്ണത്തിന്റെയോ വൈജാത്യങ്ങളില്ലാതെ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പ്രതിനിധാനം ചെയ്യുന്നതാണ് ഭാരതത്തിന്റെ ഭരണഘടന. ഭരണഘടനയെ അട്ടിമറിക്കുകയെന്നാല്‍ രാജ്യത്തെ അട്ടിമറിക്കുക എന്നു തന്നെയാണ് അര്‍ഥം. അമൂല്യമായ നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാന്‍ നാം ആരെയും അനുവദിക്കില്ല എന്ന് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി പറഞു.

റവന്യൂ മന്ത്രി കെ. രാജന്‍ രാവിലെ സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ജില്ലയിലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.എസ്.പി മൈതാനത്ത് നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍, ജില്ലാ കലക്ടര്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പാലീസ് മേധാവി സുജിത് ദാസ് എന്നിവര്‍ സേനാംഗങ്ങളില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി കെ. രാജന്‍ എം.എസ്.പി മൈതാനത്ത് പതാക ഉയര്‍ത്തി വിവിധ കണ്ടിന്‍ജന്റുകള്‍ പരേഡ് ഗ്രൗണ്ടില്‍ അണി നിരന്നത് പരിശോധിച്ചു. നാല് കണ്ടിന്‍ജന്റുളാണ് പരേഡ് ഗ്രൗണ്ടില്‍ അണി നിരന്നത്.

എം. പി അബ്ദുസ്സമദ് സമദാനി എം.പി, പി. ഉബൈദുള്ള എം.എല്‍.എ, എ.ഡി.എം. എന്‍.എം. മെഹറലി, തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.പി. അസിസ്റ്റന്റ് കമാന്റന്റ് എസ്. ദേവകി ദാസ് പരേഡ് നയിച്ചു. എം.എസ്.പി. ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ ബിജു ചാക്കോ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം എസ് പി പ്ലട്ടൂണ്‍ എ പി എസ് ഐ വിനീഷ് കുമാര്‍, ജില്ലാ പോലീസ് വിഭാഗം കല്‍പകഞ്ചേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍, ജില്ലാ പോലീസ് വനിതാവിഭാഗം മലപ്പുറം വനിതാ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരാ മണി, കേരള എക്സൈസ് വിഭാഗം കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ എ. സാദിഖ് എന്നിവര്‍ നയിച്ചു

73-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തിന്റെ പൂര്‍ണ്ണ രുപം

നമ്മുടെ മാതൃരാജ്യമായ ഭാരതം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിന്റെ എഴുപത്തിമൂന്നാമത് വാര്‍ഷിക ദിനത്തില്‍ ഭാരതത്തിന്റെ എന്റെ സഹപൗരരെ നിങ്ങള്‍ എല്ലാവരെയും ഞാന്‍ ഹാര്‍ദ്ദമായി അഭിവാദ്യം ചെയ്യുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി സ്വാതന്ത്ര്യ ദാഹത്തിന്റെയും നിലയ്ക്കാത്ത പോരാട്ടത്തിന്റെയും അഗ്നി കൊളുത്തിയ ധീരദേശാഭിമാനികളുടെ സ്മരണയ്ക്ക് മുന്നില്‍ ഈയവസരത്തില്‍ ആദരവോടെ ശിരസ്സ് നമിക്കുന്നു. ഭാരതത്തെ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിന് യത്‌നിച്ച എല്ലാ മഹാത്മാക്കളുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.
കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്ന ഈ സമയത്ത് അതീവ ജാഗ്രതയോടെയാണ് നാം ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 2019 ന്റെ അവസാന പാദത്തില്‍ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി പല വകഭേദങ്ങളും ഉപവകഭേദങ്ങളുമൊക്കെയായി ഇപ്പോഴും ലോകമാകെ സജീവമായി നിലനില്‍ക്കുന്നു. മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചും ശാരീരിക അകലം പാലിച്ചും സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അക്ഷരംപ്രതി പാലിച്ചും നാം ഈ പ്രതിസന്ധിയെ തരണം ചെയ്യുകയാണ്. ഈ കാലവും കടന്നുപോകും. ഇതിനെയും നാം അതിജീവിക്കും. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖാര്‍ത്തരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനും ഈയവസരം വിനിയോഗിക്കട്ടെ.

പ്രിയപ്പെട്ടവരെ, ഭാരതത്തിന്റെ സവിശേഷമായ ഭരണഘടനയാണ് ഈ ദിനാചരണത്തിന്റെ കേന്ദ്രബിന്ദു. പരിപാവനമായ നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നതിനും നിഷ്പ്രഭമാക്കുന്നതിനുമുള്ള ചില ഗൂഢപരിശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഈ കാലത്ത് ഭരണഘടനയെ അടുത്തറിയാനും മനസ്സിലാക്കാനും പഠിക്കാനും രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ക്കൊപ്പം പൗരന്റെ അനിവാര്യ ചുമതലകളെക്കുറിച്ചും നാം ബോധവാന്മാരും ബോധവതികളും ആകേതുണ്ട്. ജാതിയുടെയോ മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ വര്‍ണ്ണത്തിന്റെയോ വൈജാത്യങ്ങളില്ലാതെ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പ്രതിനിധാനം ചെയ്യുന്നതാണ് ഭാരതത്തിന്റെ ഭരണഘടന. ലോകത്തില്‍ ഇതുവരെ എഴുതപ്പെട്ട ഭരണഘടനകളില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണഘടനയാണ് നമ്മുടേത്. 25 ഭാഗങ്ങള്‍, 452 അനുഛേദങ്ങള്‍, 12 പട്ടികകള്‍ എന്നിവ ചേര്‍ന്ന സവിശേഷമായ ഈ ഭരണഘടനയ്ക്ക് കീഴിലാണ് നാം അധിവസിക്കുന്നത്. ഏതെങ്കിലുമൊരു മതരാഷ്ട്രത്തിലെ ജനങ്ങളായ നാം എന്നല്ല, ഭാരതത്തിലെ ജനങ്ങളായ നാം എന്നുപറഞ്ഞുകൊണ്ടാണ് ഭരണഘടന ആരംഭിക്കുന്നതു തന്നെ. നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര- സ്ഥിതിസമത്വ- മതനിരപേക്ഷ- ജനാധിപത്യ- റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഭരണഘടനയുടെ ആമുഖം എഴുതിയിരിക്കുന്നത്. ഈ രാജ്യത്തിന്റെ സവിശേഷതകള്‍ എന്താണ് എന്നും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ മാതൃരാജ്യം ഏത് പ്രകാരത്തിലാണ് ഉന്നതമായിരിക്കുന്നത് എന്നും ഭരണഘടനയുടെ ആമുഖം വിളിച്ചോതുന്നു. ഭരണഘടനയെ അട്ടിമറിക്കുകയെന്നാല്‍ രാജ്യത്തെ അട്ടിമറിക്കുക എന്നു തന്നെയാണ് അര്‍ഥം. അമൂല്യമായ നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാന്‍ നാം ആരെയും അനുവദിക്കില്ല എന്ന് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.

സഹിഷ്ണുതയുടെയും സര്‍വ്വമത സമഭാവനയുടെയും നാടാണ് ഭാരതം. നാസ്തികനെയും ആസ്തികനെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതിന് നമുക്ക് ഒരു മടിയും ഉണ്ടായിട്ടില്ല. സാത്വിക പരിവ്രാജകനായി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പത്തിയൊമ്പതാം ജന്മദിനമാണ് രണ്ടു ദിവസം മുമ്പ് നാം ആഘോഷിച്ചത്. അഭയം തേടിയെത്തിയ ആര്‍ക്കു മുന്നിലും ഭാരതം ഒരുകാലത്തും വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല. അതാണ് നമ്മുടെ ഔന്നത്യം. മാത്രവുമല്ല, വരുന്നവര്‍ ആരായാലും സ്വന്തം മക്കളെന്ന നിലയില്‍ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തതാണ് ഭാരതത്തിന്റെ പാരമ്പര്യം. വിഭജനഭീതിയുടെ വിത്തുകള്‍ പാകുന്ന കപട ദേശീയതയല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഭാരതം എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്നത്.

ഈ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊപ്പം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മദിനവും നാം ആഘോഷിക്കുന്നു. കറ കളഞ്ഞ ദേശ സ്‌നേഹത്തിന്റെയും സ്വാഭിമാനത്തിന്റെയും മറുപേരാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. നാനാത്വത്തിലെ ഏകത്വം ജീവിതത്തിലൂടെ ലോകത്തിന് മുന്നില്‍ മാതൃകയായി കാണിച്ചു കൊടുത്തവരാണ് നമ്മള്‍. പരസ്പര സഹകരണത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പതാക വാഹകരാണ് നമ്മള്‍. അല്ലാതെ വിഭജനഭീതിയുടെ ഇരുണ്ട ഓര്‍മ്മകളില്‍ സ്വയം തളച്ചിടുന്ന ഭീരുക്കളല്ല.

ജാതീയതയുടെയും വര്‍ഗീതയുടെയും പേരില്‍ പകയും വിദ്വേഷവും പരത്താനും മനസ്സുകളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് വീണ്ടും വീണ്ടും ഉണ്ടാകുന്നത് ആശങ്കാജനകമായ കാര്യമാണ്. ഭ്രാന്താലയമായ കേരളത്തെ നവോത്ഥാന കേരളമായി പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ശ്രീ നാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും എങ്ങനെയാണ് ഭാരതത്തിന് മറക്കാനും മാറ്റിനിര്‍ത്താനുമാവുക? നമുക്ക് ജാതിയില്ല എന്ന് വിളംബരം ചെയ്ത ശ്രീ നാരായണഗുരുവാണ് നമുക്ക് മാര്‍ഗ്ഗദീപം.

വ്യത്യസ്തമായ സംസ്‌കാരങ്ങളെയും ജീവിത രീതികളെയും ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്തായ രാഷ്ട്രമാണ് ഭാരതം. ഇത്തരം വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും ഒരൊറ്റ രാജ്യമാണെന്ന പൊതുബോധമാണ് നമ്മുടെ ദേശീയതയുടെ അടിസ്ഥാനമായി നിലകൊള്ളുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുകയും പൊതുവായ യോജിപ്പിന്റെ തലങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ടു മാത്രമേ നമ്മുടെ രാജ്യത്തിന് നിലനില്‍ക്കാന്‍ കഴിയുവെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ഫെഡറല്‍ സംവിധാനത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അനിവാര്യമാണെന്ന് പറയാന്‍ കാരണം. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും അവകാശങ്ങളെയും അംഗീകരിക്കുകയും അനിവാര്യമായ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നത് കേന്ദ്ര ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി വരുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ സംവി ധാനത്തിന്റെ പ്രത്യേകതയാണ്. സംസ്ഥാനങ്ങളെ നേരിട്ടും പരോക്ഷമായും ബാധിക്കുന്ന വിഷയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയമനിര്‍മാണമോ ഇടപെടലുകളോ നടത്തുമ്പോള്‍ കേന്ദ്ര ഭരണകൂടം സംസ്ഥാന ഭരണകൂടങ്ങളുമായി ആലോചിക്കണമെന്നും അവരുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും പറയുന്നത് അതുകൊണ്ടാണ്. നമ്മുടെ ഫെഡറല്‍ സംവിധാനം ശക്തമായാല്‍ മാത്രമേ സര്‍വ്വതല സ്പര്‍ശിയായ വികസനക്കാഴ്ചപ്പാടിന് മൂര്‍ത്ത രൂപം കൈവരികയുള്ളൂ. രാജ്യത്തിന്റെ പൊതുവായ വികസനം അതുവഴി സാധ്യമാക്കാന്‍ കഴിയും. ഫെഡറല്‍ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അതുവഴി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യമായ കാലഘട്ടമാണിത്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്റെ കരുത്ത് ചോര്‍ന്നുപോകുന്നതിന് നാം അനുവദിച്ചുകൂടാ.

ഭാരതത്തിന്റെ ഭരണഘടനാശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ വാക്കുകള്‍ ഈ റിപ്പബ്ലിക് ദിനത്തെ കൂടുതല്‍ ചൈതന്യവത്താക്കുന്നു. കോണ്‍ സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ 1949 നവംബര്‍ 25 ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ”സാമൂഹ്യമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെങ്കില്‍ നിയമം വഴി എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയാലും അതൊന്നും അനുഭവിക്കാനാകില്ല. പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നാവുന്ന പലതരം പ്രത്യയശാസ്ത്രങ്ങളുടെ മറവില്‍ ജാതീയതയെയും മത വിദ്വേഷത്തെയും ഒളിച്ചുകടത്തുന്നവര്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ദശാസന്ധിയിലാണ് നാം എന്ന കാര്യം മറന്നുകൂടാ.

മലബാറിന്റെ മണ്ണില്‍ ഭാരതത്തിന്റെ അഭിമാനമായ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍ ധീര ദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ധീര രക്തസാക്ഷിയുമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലെ, പിറന്ന നാടിനുവേി പോരാടി രക്ത സാക്ഷിത്വം വരിച്ച ആലി മുസ്ലിയാര്‍, എം പി സിദ്ധികോയതങ്ങള്‍, പുനയംപിള്ളിയില്‍ സെയ്താലി, ആലി ഹസ്സന്‍, മലബാര്‍ കലാപത്തില്‍ ജീവന്‍ ഹോമിച്ചവര്‍… അങ്ങനെ എഴുതപ്പെട്ടവരും അല്ലാത്തവരുമായ എത്രയോ മഹത്തുക്കള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജീവന്‍ ഹോമിച്ചു. അവരുടെയെല്ലാം ജ്വലിക്കുന്ന ഓര്‍മ്മകളാണ് സാമ്രാജ്യത്വത്തിനെതിരെയുള്ള പുതിയ കാലത്തെ പോരാട്ടത്തില്‍ നമുക്ക് കരുത്തും ഊര്‍ജ്ജവും പകരുന്നത്.

പ്രിയപ്പെട്ടവരെ, രാഷ്ട്ര പുനഃരര്‍പ്പണത്തിന് നാം നമ്മെ തന്നെ സ്വയം സമര്‍പ്പി ക്കുന്ന ആഹ്ലാദകരമായ ഈ സന്ദര്‍ഭത്തില്‍, സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഞാന്‍ നിങ്ങളെ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. രാജ്യരക്ഷയ്ക്കുവേണ്ടി കണ്ണിമ ചിമ്മാതെ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന നമ്മുടെ ധീരജവാന്മാരെ സല്യൂട്ട് ചെയ്യുന്നതിനും രാജ്യ സുരക്ഷയ്ക്കായുള്ള പോരാട്ടത്തില്‍ ജീവന്‍ ഹോമിച്ച ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരവോടെ ശിരസ്സ് നമിക്കുന്നതിനും ഞാന്‍ ഈയവസരം വിനിയോഗിക്കട്ടെ. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും അബ്ദുള്‍ ഗാഫര്‍ ഖാനും സരോജിനി നായിഡുവും ഭഗത്സിംഗും ദാദാ സാഹേബ് അംബേദ്കറുമെല്ലാം വെട്ടിത്തെളിച്ച സ്വാതന്ത്ര്യത്തിന്റെ രജതപാതയിലൂടെ മുന്നേറുമ്പോള്‍, ആ ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മാതൃക നമുക്ക് പ്രചോദനമാകട്ടെ. സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ തലങ്ങളില്‍ മാത്രമല്ല, മനുഷ്യജീവിതത്തെ സ്പര്‍ശിക്കുന്ന സമസ്ത മേഖലകളിലും സ്വാതന്ത്ര്യവും പരമാധികാരവും അഭംഗുരം കാത്തു സൂക്ഷിക്കാന്‍ നമുക്ക് സാധിക്കേതുണ്ട്. രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മൂല്യങ്ങളെ മുറുകെപ്പിടിച്ച്, പൗരാവകാശങ്ങള്‍ അനുഭവിച്ചും പൗരന്റെ അനിവാര്യമായ ചുമതലകള്‍ നിറവേറ്റിയും മഹത്തായ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നതിന് ഓരോ ഭാരതീയനും കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ ഊഷ്മളവും സ്വാഭിമാനവുമായ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉപസംഹരിക്കുന്നു. അഭിവാദനങ്ങള്‍.

 

Sharing is caring!