മലപ്പുറത്തിന്റെ അഭിമാനമായ പത്മശ്രീ കെ വി റാബിയയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം

മലപ്പുറത്തിന്റെ അഭിമാനമായ പത്മശ്രീ കെ വി റാബിയയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം

തിരൂരങ്ങാടി: അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവര്‍ത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി പത്മശ്രീ ലഭിച്ച കെ.വി റാബിയയെ (K V Rabiya) റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പൊന്നാട അണയിച്ച് ആദരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ തിരൂരങ്ങാടി വെള്ളിലക്കാടിലെ വീട്ടിലെത്തി രാവിലെ 11.15 ഓടെയാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി റാബിയയെ ആദരിച്ചത്. ‘സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ട് , എന്ന റാബിയയുടെ പുസ്തകം അവര്‍ മന്ത്രിയ്ക്ക് സമ്മാനിച്ചു.

സാക്ഷരതാ പ്രസ്ഥാനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും അംഗപരിമിതി പ്രശ്നമല്ലന്ന് തെളിയിച്ച വ്യക്തിത്വമാണ് റാബിയയെന്ന് മന്ത്രി പറഞ്ഞു. കെ.വി റാബിയയുടെ പത്മശ്രീ പുരസ്‌കാര ലബ്ധി രാജ്യത്തിനാകെ അഭിമാനമാണ്. കെ.വി റാബിയയ്ക്ക് സര്‍ക്കാറിന് വേണ്ടി പുരസ്‌കാരം സമര്‍പ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. ഇത്രയേറെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ ഒരു വനിത കേരളത്തില്‍ തന്നെ അപൂര്‍വ്വമാണ്.

കടലുണ്ടിപുഴ കര കവിയുന്ന ഘട്ടത്തിലും മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തിലും തിരൂരങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന കെ.വി റാബിയയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് പ്രശ്‌ന പരിഹാരത്തിനായി ഒരു മാസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എത്രയും വേഗം പ്രശ്‌ന പരിഹാരത്തിനായി നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പുഴയോര പ്രദേശങ്ങള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.ഒ സാദിഖ്, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ , ഡെപ്യൂട്ടി തഹസില്‍ദാര്‍ സുധീഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് മാസ്റ്റര്‍, നിയാസ് പുളിക്കലകത്ത് , നഗരസഭാ കൗണ്‍സിലര്‍ അരിമ്പ്ര മുഹമ്മദലി, കെ മൊയ്തീന്‍ കോയ , എം.പി സ്വാലിഹ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Sharing is caring!