അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യൻമാരായ കാലിക്കറ്റിനായി തിളങ്ങി രണ്ട് ഇ.എം.ഇ.എ കോളേജ് വിദ്യാർഥികൾ

അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യൻമാരായ കാലിക്കറ്റിനായി തിളങ്ങി രണ്ട് ഇ.എം.ഇ.എ കോളേജ് വിദ്യാർഥികൾ

കൊണ്ടോട്ടി: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ഫുട്‌ബോളില്‍ 11ാം കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അഭിമാനമായി കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നിന്ന് രണ്ട് താരങ്ങള്‍. മൂന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളായ റഷീദും നിസാമുദ്ധീനമാണ് ടീമിലെ മിന്നും താരങ്ങള്‍. ചാമ്പ്യന്‍ഷിപ്പില്‍ നിറഞ്ഞുകളിച്ച ഇരുവരും ടീമിന്റെ നിര്‍ണായക വിജയത്തില്‍ ഗോളും നേടി. നിസാമുദ്ധീന്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ അണ്ണാ മലയ് സര്‍വകലാശാലക്കെതിരെയും ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫൈനലില്‍ ജലന്തര്‍ സന്ത് ബാബാ ഭാഗ് സിങ് സര്‍വകലാശാലക്കെതിരിയും ഒരോ ഗോള്‍ വീതം നേടി. അതോടൊപ്പം ഫൈനലില്‍ പെനാല്‍റ്റി ബോക്‌സില്‍ നിസാമിനെ വീഴ്ത്തിയതിനെ തുടര്‍ന്നുള്ള ലഭിച്ച പെനാല്‍റ്റിയിലാണ് കാലിക്കറ്റിന്റെ രണ്ടാം ഗോള്‍ പിറന്നത്. നിസാം രണ്ടാം തവണയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കുന്നത്. റഷീദ് ഈ വര്‍ഷം നടന്ന ബി സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ ഇ.എം.ഇ.എ. കോളേജ് ടീം ക്യാപ്റ്റനുമാണ്.

അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാത്രമല്ല ഇ.എം.ഇ.എ കോളേജിലെ കൂട്ടികള്‍ മിന്നും പ്രകടനം നടത്തിയത്. അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വോളിമ്പോള്‍ ചാമ്പ്യന്‍മാരായ കാലിക്കറ്റ് സര്‍വകലാശാല ടീമിലും ഇ.എം.ഇ.എ. കോളേജ് വിദ്യാര്‍ത്ഥിയുടെ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു. മൂന്നാം വര്‍ഷ ബി.എ. വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥി ദില്‍ഷനാണ് ടീമിലെ താരം. ആദ്യം നടന്ന സൗത്ത് സോണ്‍ വോളിബാളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദില്‍ഷൻ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പിലും മികവ് ആവര്‍ത്തിച്ചു. വോളിബോളിന് പുറമെ നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളേജിയേറ്റ് ജാവലിന്‍ ത്രോ, ഹൈ ജംമ്പ് എന്നീ ഇനങ്ങളില്‍ വെള്ളി മെഡല്‍ ജെതാവുമാണ്. ഇ.എം.ഇ.എ. കോളേജ് വോളിബാള്‍ ടീം ക്യാപ്റ്റനായ ദില്‍ഷൻ ഇത് രണ്ടാം തവണയാണ് കാലിക്കറ്റ് സര്‍വകലാശാലയെ പ്രധിനിധികരിക്കുന്നത്.

Sharing is caring!