മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഉമ്മയ്ക്കും മക്കള്‍ക്കും തണലായി പെരിന്തല്‍മണ്ണ പോലീസും ഓട്ടോ ഡ്രൈവറും

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഉമ്മയ്ക്കും മക്കള്‍ക്കും തണലായി പെരിന്തല്‍മണ്ണ പോലീസും ഓട്ടോ ഡ്രൈവറും

മലപ്പുറം: കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണങ്ങള്‍ക്കിടെ ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകാന്‍ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കള്‍ക്കും തണലായി പെരിന്തല്‍മണ്ണ പോലീസും ഓട്ടോ ഡ്രൈവറും. ‘സാറേ… അലനല്ലൂരിലേക്ക് പോകാന്‍ എന്താ ചെയ്യാ എന്ന് ചോദിച്ച് ഒരു ഉമ്മ പോലീസുകാര്‍ക്കരികിലേക്ക് എത്തി.
രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. അലനല്ലൂരിലേക്ക് പോകാന്‍ ഓട്ടോയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഉമ്മയുടെ കയ്യിലാണേല്‍ ആകെയുള്ളത് 20 രൂപയും. മൂത്തവന് സുഖമില്ലാത്തതിനാല്‍ നട്ടെല്ലിന് സൂചി വെച്ച് അമൃത ആശുപത്രിയില്‍ നിന്നും തിരിച്ചുവരുന്ന വഴിയാണ്. ഓട്ടോയ്ക്ക് ചാര്‍ജ് ചോദിച്ചപ്പോള്‍ 700 രൂപയെങ്കിലും വേണമെന്നാ ഓട്ടോക്കാരന്‍ പറഞ്ഞതെന്ന് ഉമ്മ പറഞ്ഞു. ഇതെല്ലാം കേട്ട
പോലീസുകാര്‍ തൊട്ടടുത്ത കടയുടെ തിണ്ണയില്‍ ഇരിക്കാന്‍ ഉമ്മയോടു പറഞ്ഞു. പിന്നാലെ ഈ ഉമ്മയ്ക്കും മക്കള്‍ക്കും പോകാനുള്ള വാഹനം പോലീസ് തെരയാന്‍ തുടങ്ങി.

ആദ്യം എത്തിയ ഓട്ടോക്കാരന്‍ വാഹനത്തിന്റെ ടയര്‍ മോശമാണെന്ന് പറഞ്ഞ് കൈമലര്‍ത്തി. പിന്നാലെ എത്തിയ ഓട്ടോക്കാരന്‍ വെറും 300 രൂപയ്ക്ക് ഇവരെ എത്തിക്കാമെന്ന് പറഞ്ഞു. ഉമ്മയുടെ കൈയില്‍ അത്രയും പണമില്ലെന്നു മനസിലാക്കിയ പോലീസുകാര്‍ ചേര്‍ന്ന് പണം പിരിച്ചെടുത്തു. ആ തുക ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയാണ് ഉമ്മയെയും മക്കളെയും പെരിന്തല്‍മണ്ണ സ്റ്റേഷനിലെ പോലീസുകാര്‍ യാത്രയാക്കിയത്. ഇവര്‍ പറയുന്ന സ്ഥലത്ത് വണ്ടി നിര്‍ത്തി കൊടുക്കണം എന്നും ഓട്ടോ ഡ്രൈവറോട് പോലീസുകാര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. നിറകണ്ണുകളോടെ പോലീസുകാര്‍ക്ക് നന്ദി പറഞ്ഞാണ് ഉമ്മയും മക്കളും വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഓട്ടോക്ക് പകുതി കാശുപോലും വാങ്ങിക്കാതെ എത്തിച്ച ഓട്ടോ ഡ്രൈവറാണ് പോലീസുകാരേക്കാള്‍ വലിയ മാതൃക കാണിച്ചത്.

പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍, എഎസ്‌ഐ രാമചന്ദ്രന്‍, സീനിയര്‍ സിപിഒ മൊയ്തീന്‍, സുരേന്ദ്ര ബാബു, സുരേഷ് എന്നിവരായിരുന്നു കാക്കിക്കുള്ളിലെ നന്മ മരങ്ങള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു നിരവധി ആളുകളാണ് രംഗത്തെത്തിയത്.

Sharing is caring!