ഇഎംഎസിന്റെ മകന് എസ് ശശി അന്തരിച്ചു

മലപ്പുറം: മലപ്പുറം ഏലംകുളം സ്വദേശിയും മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന് എസ് ശശി അന്തരിച്ചു. . ഇഎംഎസിന്റെ ഇളയ മകനായ അദ്ദേഹത്തിന് 67 വയസായിരുന്നു. മകള്‍ അപര്‍ണയുടെ മുംബൈയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിച്ചു.ഹൃദയാഘാതം എന്നാണ് പ്രാഥമിക വിവരം.
ദേശാഭിമാനി ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു. തിരുവനന്തപുരം ജനറല്‍ മാനേജര്‍ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. 2000ല്‍ തൃശൂരില്‍ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനു ശേഷം തൃശൂരിലേക്ക് താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡല്‍ഹിയിലായിരുന്നു താമസം. സിപിഎം ദേശാഭിമാനി മാനേജ്മെന്റ് ബ്രാഞ്ച് അംഗമായിരുന്നു. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെഎസ് ഗിരിജയാണ് ഭാര്യ. മക്കള്‍: അനുപമ ശശി (തോഷിബ, ഡല്‍ഹി), അപര്‍ണ ശശി (ടിസിഎസ്, മുംബൈ). മരുമക്കള്‍: എഎം ജിഗീഷ് (ദി ഹിന്ദു, സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഡല്‍ഹി), രാജേഷ് ജെ വര്‍മ (ഗോദ്റേജ് കമ്പനി മെക്കാനിക്കല്‍ എന്‍ജിനിയര്‍, മുംബൈ). പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇഎം ശ്രീധരന്, ഇഎം രാധ (വനിതാ കമ്മീഷന് അംഗം) എന്നിവരാണ് സഹോദരങ്ങള്‍.
മുഖ്യമന്ത്രി അനുശോചിച്ചു
എസ് ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇ എം എസിന്റെ മകനായ എസ് ശശി ദേശാഭിമാനിയുടെ മാനേജ്മന്റ് നേതൃതലത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇ എം എസിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ ഭാഗമായി വളര്‍ന്ന ശശി എക്കാലവും സിപിഐ എമ്മിനൊപ്പം ഉറച്ചു നിന്ന് പൂര്‍ണ പ്രതിബദ്ധതയോടെ പാര്‍ട്ടി ഏല്പിച്ച ചുമതലകള്‍ നിറവേറ്റി.ആത്മാര്‍ത്ഥതയും ലാളിത്യവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ചുപറ്റി അങ്ങേയറ്റത്തെ കാര്യക്ഷമതയോടെയാണ് പാര്‍ട്ടി ഉത്തരവാദിത്തങ്ങളും ദേശാഭിമാനിയുടെ ചുമതലകളും ശശി നിറവേറ്റിയത്. ഇ എം എസ് ഡല്‍ഹി ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ ശശിയും കുടുംബസമേതം ഒപ്പം വന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ അനുശോചിച്ചു
ഇ എം എസിന്റെ മകന് എസ് ശശിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു.ഇ എം എസിന്റെ മകന് എസ് ശശിയുടെ നിര്യാണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.ഇ എം എസിന്റെ ലാളിത്യവും മൂല്യങ്ങളും രാഷ്ട്രീയവും ഒട്ടും ചോരാതെ ജീവിതത്തില്‍ കാത്തുസൂക്ഷിച്ച ആളാണ് അദ്ദേഹം എന്നും സ്പീക്കര്‍ അനുസ്മരിച്ചു. ദേശാഭിമാനിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം ഏതാനും വര്‍ഷം മുമ്പാണ് വിരമിച്ചത്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]