മലപ്പുറത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ സൗകര്യമൊരുക്കി കോട്ടക്കല്‍ മിംസ്

മലപ്പുറത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ സൗകര്യമൊരുക്കി കോട്ടക്കല്‍ മിംസ്

കോട്ടക്കല്‍: മലപ്പുറം ജില്ലയിലും ഇനി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യം. കോട്ടക്കല്‍ മിംസ് ആശുപത്രിയിലാണ് ജില്ലയില്‍ ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടപ്പാക്കുന്നത്. സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യ നിരക്കിലും സേവനം ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം വൃക്ക രോഗികളുള്ള ജില്ലകളിലൊന്നായ മലപ്പുറത്ത് അവയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെങ്കില്‍ അന്യജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കണമായിരുന്നു. പലരും മാസങ്ങളോളം വീട് വാടകയ്‌ക്കെടുത്താണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ഇത്തരം ബുദ്ധിമുട്ടുകളെല്ലാം തന്നെ ജില്ലയില്‍ ശസ്ത്രക്രിയ സൗകര്യമാകുന്നതോടെ ഒഴിവാകുമെന്ന് ആസ്റ്റര്‍ കേരള ആന്റ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ആസ്റ്റര്‍ മിംസ് കോഴിക്കോട്ടെ വൃക്കരോഗ വിദഗ്ധരുടേയും, മൂത്രാശയ രോഗ വിദഗ്ധരുടേയും സഹകരണത്തോടെയാണ് പ്രാരംഭ ഘട്ടത്തില്‍ ശസ്ത്രക്രിയ നടത്തുന്നത്. ഇതോടൊപ്പം കോട്ടക്കല്‍ മിംസിലെ വിദഗ്ധരും ചേരും. കോട്ടക്കല്‍ മിംസിലെ സൗകര്യങ്ങള്‍ വിലയിരുത്തിയാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള അനുമതി ലഭ്യമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മികച്ച വിജയ ശതമാനത്തോടെ ഒട്ടേറെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ കോഴിക്കോട് മിംസ് ആശുപത്രി നടത്തിയിട്ടുണ്ടെന്ന് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കേരളത്തിലെ തന്നെ മികച്ച വൃക്ക മാറ്റിവെക്കല്‍ കേന്ദ്രമായി കോഴിക്കോട് മിംസിനെ മാറ്റാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!