ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ്; ഞായറാഴ്ച്ച ലോക്ക്ഡൗണ്‍

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ്; ഞായറാഴ്ച്ച ലോക്ക്ഡൗണ്‍

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം. ഇന്ന് ചേര്‍ന്ന ഉന്നത തല യോഗമാണ് സംസ്ഥാനത്താകെ അടുത്ത രണ്ട് ഞായറാഴ്ചകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതേ സമയം ജില്ലയില്‍ കോവിഡ് രോഗികകളുടെ എണ്ണത്തിലും വന്‍ കുതിച്ച് ചാട്ടമുണ്ടായി.

ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 20ന് ) 2259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 33.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 6828 സാമ്പിളുകളാണ് പരിശോധിച്ചത്. 2179 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 39 കേസുകളുണ്ട്. 40 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്

കോവിഡ് സുരക്ഷ മുന്‍കരുതല്‍:
നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ,സാംസ്‌കാരിക ,സാമുദായിക പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ഒത്തുകൂടല്‍ എന്നിവയില്‍ പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കി. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തണമെന്ന് ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടിയ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാകലക്ടറുടെ മുന്നറിയിപ്പ്. ദുരന്തനിവാരണ നിയമം 26 (2), 30 (5), 34 എന്നിവ പ്രകാരമാണ് ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

 

Sharing is caring!