മലപ്പുറം തിരൂരിലെ ബാറിലെ അടിപിടി കേസില്‍ മുങ്ങി നടന്ന പ്രതികള്‍ നിരോധിത സിന്തറ്റിക് മയക്കുമരുന്നുമായി പിടിയില്‍

മലപ്പുറം തിരൂരിലെ ബാറിലെ അടിപിടി കേസില്‍ മുങ്ങി നടന്ന പ്രതികള്‍ നിരോധിത സിന്തറ്റിക് മയക്കുമരുന്നുമായി പിടിയില്‍

മലപ്പുറം: തിരൂര്‍ നഗരത്തിലെ ബാറിലുണ്ടായ അടിപിടി കേസില്‍ മുങ്ങി നടന്ന പ്രതികളെ നിരോധിത സിന്തറ്റിക് മയക്കുമരുന്നുമായി തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ ഹാര്‍ബറിനു സമീപം താമസിക്കുന്ന ബീരാവുകടവത്ത് മുര്‍ഷാദ് (24) താനൂര്‍ ജമ്മാല്‍ പീടിക പെട്ടിയന്റെ പുരക്കല്‍ അബ്ദുള്‍ റാസിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്.വില്‍പ്പനക്കായി കൊണ്ടുവന്ന 25 ലേറെ ചെറിയ പായ്ക്കറ്റ് എംഡിഎം ഇവരില്‍ നിന്നും കണ്ടെടുത്തു.ഐ.പി.എസ്.എച്ച്.ജി ജോയുടെ നേതൃത്വത്തില്‍ എസ്.ഐ.ജലീല്‍ കറുത്തേടത്ത്, എ.എസ്.ഐ.മാരായദിനേശ്, പ്രതീഷ് തുടങ്ങിയവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.
വന്‍ രീതിയില്‍ സിന്തറ്റിക് ഡ്രഗസുകള്‍ മലപ്പുറത്തുവരുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൊറയൂര്‍ സ്വദേശി കക്കാട്ടുചാലില്‍ മുഹമ്മദ് ഹാരിസ് (29) മലപ്പുറം പോലീസിന്റെ പിടിയിലായത് മാസം മുമ്പാണ്. ഇത് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നാണ് പോലീസ് പറയുന്നത്. ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും എം.ഡി.എം.എ(മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍) പോലുള്ള മാരക മയക്കുമരുന്നുകള്‍ യുവാക്കളേയും കോളേജ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വില്‍പ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി: പി.എം പ്രദീപ്, സി.ഐ. ജോബിതോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്.ഐ. അമീറലിയും സംഘവും ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് മൊറയൂര്‍ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറില്‍ വരുന്നതായി ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് മലപ്പുറം ഭാഗത്തേക്ക് വരുന്നവഴി മേല്‍മുറി ടൗണിനടുത്ത് ഹൈവേയില്‍ വച്ച് കാറില്‍ ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എ പിടികൂടിയത്. വന്‍ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്നും ബംഗളൂരുവില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ വിലയിട്ടാണ് യുവാക്കള്‍ക്ക് വില്‍പ്പന നടത്തുന്നതെന്നും ആവശ്യക്കാര്‍ മോഹവിലകൊടുത്ത് വാങ്ങുമെന്നതും ഈ കച്ചവടത്തിന്റെ പ്രത്യേകതയാണെന്നും പോലീസ് പറഞ്ഞു.

 

Sharing is caring!