ബി.ജെ.പിക്കാര്‍ മുസ്‌ലിം ലീഗിന് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെയും പോയി കാണുമെന്ന് പി.എം.എ സലാമിന്റെ ഫോണ്‍ശബ്ദരേഖ പുറത്ത്

ബി.ജെ.പിക്കാര്‍ മുസ്‌ലിം ലീഗിന് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെയും പോയി കാണുമെന്ന് പി.എം.എ സലാമിന്റെ ഫോണ്‍ശബ്ദരേഖ പുറത്ത്

മലപ്പുറം: ബി.ജെ.പിക്കാര്‍ മുസ്‌ലിം ലീഗിന് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെയും പോയി കാണുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ ഫോണ്‍ശബ്ദരേഖ പുറത്ത്. പിന്നില്‍ പാര്‍ട്ടി നടപടി നേരിട്ട ലീഗുകാര്‍തന്നെയെന്ന് സലാം.
ബിജെപിയുടെ വോട്ടും ആവശ്യമാണെന്ന തന്റെ ശബ്ദരേഖക്ക് മറുപടിയുമായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി .എം.എ സലാം. തന്റ ഫോണ്‍ സംഭാഷണത്തിന്റെ ചെറിയ ഭാഗം മാത്രം
മാദ്ധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തവര്‍ അതിന്റെ പൂര്‍ണ്ണഭാഗം പുറത്തുവിടാനുളള മാന്യത കാണിക്കണമെന്ന്
പി.എം.എ സലാം മലപ്പുറത്ത് പ്രതികരിച്ചു. ബി.ജെ.പിക്കാര്‍ മുസ്‌ലിം ലീഗിന് വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെയും പോയി കാണുമെന്ന തരത്തില്‍ പി.എം.എസലാമിന്റെ ഫോണ്‍ സംഭാഷണം വന്‍തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുസംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമുണ്ടാക്കി സംഘടനയെ നശിപ്പിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വരുമ്പോള്‍ അസ്വസ്ഥതകള്‍ സ്വാഭാവികമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചില പ്രാദേശികനേതാക്കള്‍ മാറിനിന്നിരുന്നു. അവരോട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം വിളിച്ചന്വേഷിച്ച പ്രാദേശിക ലീഗ് പ്രവര്‍ത്തകനോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ചെറിയ ഭാഗമാണിപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കുന്നതിന് ആരെ വേണമെങ്കിലും പോയി കാണുമെന്നതായിരുന്നു തന്റെ സംസാരത്തിന്റെ സാരാംശം. ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ആലങ്കാരിക പ്രയോഗമാണെന്നത് ശബ്ദത്തില്‍ തന്നെ വ്യക്തമാണ്. അച്ചടക്ക നടപടി നേരിട്ട ശേഷം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചെലവഴിക്കുന്ന ഊര്‍ജ്ജത്തിന്റെ നൂറിലൊരംശം നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ സംഘടനയ്ക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ പഴയ ഫോണ്‍ സംഭാഷണങ്ങള്‍ തിരഞ്ഞ് നടക്കേണ്ടിയിരുന്നില്ലെന്നും പി.എം.എ. സലാം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് സമയത്തെ സംഭാഷണമാണിപ്പോള്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബിജെപിക്കാരെ നേരിട്ട് പോയിക്കാണാന്‍ തയാറാണെന്നും പി.എം.എ സലാം പറയുന്നതായി ഓഡിയോയിലുണ്ട്.
നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ, എന്നുള്ളത് പ്രശ്‌നമല്ല. നമുക്ക് വോട്ട് വേണം.അതിന് ആളുകളൊക്കെ വോട്ട് ചെയ്യണം. ബിജെപിക്കാര്‍ നമുക്ക് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍, ആ ബിജെപിക്കാരനെ ഞാന്‍ പോയിക്കാണാന്‍ തയാറാണ്. നമുക്ക് നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കണം,” ഓഡിയോയില്‍ പറയുന്നു.
സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമുണ്ടെന്ന ആരോപണം നേരത്തെ നിരവധി തവണ സിപിഎം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ. അതിനാല്‍ പുതിയ വിവാദങ്ങളില്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരും.
അതേസമയം, കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഐ.എന്‍.എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവിലിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ട് തരപ്പെടുത്തുന്നതിന് ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം നടത്തിയ ശ്രമങ്ങള്‍ പുറത്തായതില്‍ അദ്ഭുതപ്പെടാനില്ലെന്നും ലീഗ്-ബിജെപി ബന്ധം ഒരു തുടര്‍ക്കഥയാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
ലീഗിന്റെ സംഘ്പരിവാര്‍ വിരോധം കാപട്യമാണ്. മുഖ്യ ശത്രുവായി സിപിഎമ്മിനെ പ്രതിഷ്ഠിച്ച് ബിജെപി വോട്ട് ഉറപ്പാക്കാന്‍ ലീഗ് സെക്രട്ടറി നടത്തിയ ലജ്ജാവഹമായ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ ലീഗിന് അവകാശമില്ലെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Sharing is caring!