ബാഫഖിതങ്ങള്‍ ഐതിഹാസിക നേതൃത്വം: നൗഷാദ് മണ്ണിശ്ശേരി

ബാഫഖിതങ്ങള്‍ ഐതിഹാസിക നേതൃത്വം: നൗഷാദ് മണ്ണിശ്ശേരി

ഒരു കാലഘട്ടത്തിന്റെ ഇതിഹാസനായകനായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. സ്വാതന്ത്രാനന്തരം എല്ലാം നഷ്ടപ്പെട്ട മുസ്ലിം സമൂഹത്തിന് നേതാക്കളിലധികവും പാകിസ്ഥാനിലേക്ക് പോയപ്പോള്‍, മുസ്ലിംകളുടെ രാജ്യസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ ‘ഇസ്സത്തേറും തലയില്‍കെട്ട്’ വേഷവുമായി തന്റെ ആരോഗ്യവും സമ്പത്തും ആത്മീയപ്രഭയും സമുദായത്തിന്റെ ആള്‍ത്താരയില്‍ സമര്‍പ്പിച്ചുകൊണ്ടാണ് ബാഫഖി തങ്ങള്‍ മുസ്ലിംലീഗ് നേതൃനിരയിലേക്ക് കടന്നുവരുന്നത്. ലീഗായാല്‍ ഒരു പഞ്ചായത്ത് മെമ്പറാവാന്‍ പോലും സാധ്യമല്ല എന്ന് ആളുകള്‍ പ്രചരിപ്പിച്ചിരുന്ന കാലത്ത്, മുസ്ലിംലീഗിനെ സഹായിക്കാന്‍ ആളും അര്‍ത്ഥവുമുള്ള ഒരാളുമില്ലാത്ത സന്ദര്‍ഭത്തില്‍ പാറയും കൂര്‍ത്ത ചരല്‍കല്ലുകളും കാല്‍നടയാത്രക്കാരന്റെ കാലില്‍ ചോര പൊടിയുന്ന ഒറ്റയടിപ്പാതയിലൂടെ മലബാറിന്റെ മലമടക്കുകളിലും ഏറനാടിന്റെയും വള്ളുവനാടിന്റെയും കുഗ്രാമങ്ങളില്‍ കൂടിയും മുസ്ലിംലീഗിന്റെ ഹരിതപതാക തോളില്‍ വെച്ച് പ്രിയപ്പെട്ട തങ്ങള്‍ ഈ സംഘടനയുടെ സന്ദേശവുമായി കടന്നുചെന്നു.

പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് നെഹ്‌റു കോഴിക്കോട് വന്നപ്പോള്‍ വെസ്റ്റ് ഹില്‍ ഹെലിപ്പാഡില്‍ സ്വീകരിക്കാന്‍ കോഴിക്കോട്ടെ സകല പ്രമാണിമാര്‍ക്കും അവസരം നല്‍കിയ ജില്ലാഭരണകൂടം വലിയങ്ങാടിയിലെ വര്‍ത്തക പ്രമാണിയായ തങ്ങളെ ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ന്യായം പറഞ്ഞത് മുസ്ലിംലീഗിന് നേരെയുള്ള വര്‍ഗീയ ആരോപണമായിരുന്നു.

1967-ലെ സപ്തകക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രി ഇ.എം.എസ് രാജിവെച്ച് കേരള രാഷ്ട്രീയം അനിശ്ചിതത്വത്തിലായ സമയത്ത് സി.പി.ഐ നേതാവായിരുന്ന രാജ്യസഭാംഗം അച്യുതമേനോനെ ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്ന് സി.പി.ഐയും കോണ്‍ഗ്രസും ലീഗും ഉള്‍പ്പെട്ട വിശാല ഐക്യമുന്നണി രൂപീകരിച്ച് തങ്ങള്‍ തന്റെ ചൂണ്ടാണി വിരലില്‍ കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചു.

ഒരു വഖ്ത് പോലും നിസ്‌കാരം ഖളാആക്കാത്ത വലിയ മതവിശ്വാസിയായ തങ്ങള്‍ ഉജ്ജ്വല മതേതര കാഴ്ചപ്പാട് നിലനിര്‍ത്തി. എല്ലാവര്‍ഷവും ഹജ്ജിന് പോകുന്ന മഹാനവര്‍കള്‍ 1973-ലെ ഹജ്ജ് വേളയിലാണ് (ജനു.19) ഈ ലോകത്തോട് വിട പറയുന്നത്. പരിശുദ്ധ മക്കയില്‍ ജന്നത്തുല്‍ മുഅല്ലയില്‍ പുണ്യറസൂലിന്റെ സഹധര്‍മിണി ഖദീജതുല്‍ ഖുബ്‌റ(റ)യുടെ ഖബറിന് തൊട്ടുചാരി അന്ത്യവിശ്രമം കൊള്ളുകയാണ്.

മോഡിയുടെ ഫാസിസ്റ്റ് ഭരണവും പിണറായിയുടെ മാര്‍ക്‌സിസ്റ്റ് സര്‍ക്കാറും മുസ്ലിംകള്‍ക്കും മുസ്ലിം സ്ഥാപനങ്ങള്‍ക്കും നേരെ ഭരണകൂട ഭീകരതയുമായി തിരിയുമ്പോള്‍ നമുക്ക് ഒറ്റക്കെട്ടായി ബാഫഖി തങ്ങള്‍ കാണിച്ചുതന്ന പന്ഥാവില്‍ ഉറച്ചുനിന്ന് ജനാധിപത്യത്തെ ശക്തിപ്പെടുത്താം.

നൗഷാദ് മണ്ണിശ്ശേരി
മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി

Sharing is caring!