കോവിഡ് എന്ന പിശാചിനെ അല്ലാഹുവാണ് അയച്ചതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ

കോവിഡ് എന്ന പിശാചിനെ അല്ലാഹുവാണ് അയച്ചതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ

കോവിഡ് എന്ന പിശാചിനെ അല്ലാഹുവാണ് അയച്ചതെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ ഇങ്ങോട്ടേക്ക് അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെ ടി.കെ ഹംസ പറഞ്ഞു.

എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മള്‍ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കോവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓന്‍ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള്‍ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോള്‍ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മള്‍ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാന്‍ നമ്മള്‍ ശ്രമിക്കണം.’- ടി കെ ഹംസ പറഞ്ഞു.

കോടാനുകോടിയുടെ വഖഫ് സ്വത്തുകളാണ് അന്യാധീനപ്പെട്ടതെന്നും ഖുര്‍ആനും നബിവചനവും അംഗീകരിക്കാതെയുള്ള സമുദായത്തിലെ ഇത്തരം പ്രവൃത്തികൊണ്ടാണ് കോവിഡ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സംരക്ഷണത്തിന് ജനങ്ങളുടെ പിന്തുണയും സഹകരണവുമുപയോഗിച്ച് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. നേതാവും മുന്‍ മന്ത്രിയും എം.പിയുമാണ് 84കാരനായ ടി കെ ഹംസ. മലപ്പുറം വണ്ടൂര്‍ സ്വദേശി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി എമ്മില്‍ ചേരുകയായിരുന്നു. 1982 മുതല്‍ 2001 വരെ നിയമസഭാംഗമായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ (198791)മന്ത്രി.1996-2001 ല്‍ ഗവണ്മെന്റ് ചീഫ് വിപ്പുമായിട്ടുണ്ട്. ലോകസഭയില്‍ മഞ്ചേരിയെ (2004) പ്രതിനിധീകരിച്ചു. നാടന്‍ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

 

Sharing is caring!