പി.വി അന്‍വര്‍ എം.എല്‍.എയുടെയും കുടുംബത്തിന്റെയും അധികഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പി.വി അന്‍വര്‍ എം.എല്‍.എയുടെയും കുടുംബത്തിന്റെയും അധികഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി.  താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് നടത്തിയ വിചാരണയില്‍ പി.വി അന്‍വര്‍ ഹാജരാകാതിരുന്നത് നടപടിക്രമങ്ങള്‍ നീട്ടിവെക്കാനുള്ള നീക്കമാണെന്നും ഇതനുവദിക്കാതെ ജനുവരി ഒന്നു മുതല്‍ അഞ്ചു മാസത്തിനകം നടപടി പൂര്‍ത്തീകരിക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉത്തരവിട്ടു.
നടപടിക്രമങ്ങളില്‍ പരാതിക്കാരന്‍ കെ.വി ഷാജിയെ പങ്കാളിയാക്കണമെന്നും ഇദ്ദഹത്തിന്റെ കൈവശമുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും കോടതി താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
പി.വി അന്‍വര്‍ എം.എല്‍.എയുടെയും കുടുംബത്തിന്റെയും അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജിയുടെ കോടതി അലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.പരാതിക്കാരനുവേണ്ടി അഡ്വ. പീയൂസ് എ കൊറ്റം ഹാജരായി.
പി.വി അന്‍വര്‍ എം.എല്‍.എ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക്  എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സര്‍വേ നമ്പറും വിസ്തീര്‍ണവും കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട്  താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനായ കോഴിക്കേട് എല്‍.എ ഡെപ്യൂട്ടികളക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ്  പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ   സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതായും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം  22.82 ഏക്കര്‍ ഭൂമി എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായും പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.  12 സ്റ്റാന്‍ഡേര്‍ഡ് ഏക്കറില്‍ കൂടുതലുള്ള ഭൂമി തിരിച്ചുപിടിക്കാനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും   സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.  ഭൂമി സംബന്ധിച്ച രേഖകളുമായി കഴിഞ്ഞ ഡിസംബര്‍ 30തിന് ഹാജരാകാന്‍ താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും എം.എല്‍.എയോ അഭിഭാഷകനോ ഹാജരായിരുന്നില്ല.
മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ നാല് വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ്,  താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവു  നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എം.എല്‍.എക്കെതിരെ കേസെടുത്തിരുന്നില്ല. ഇതോടെയാണ് നടപടിയാവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Sharing is caring!