പിക്കപ്പില്‍ മദ്യം കടത്തിയ മലപ്പുറത്തെ ബിജെപി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

മലപ്പുറം: പിക്കപ്പില്‍ കടത്തിയ 400 കുപ്പി അനധികൃത മദ്യവുമായി പിടിയിലായ ബിജെപി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിതിന്‍ എന്നിവരെയാണ് മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തത്. മുഖ്യപ്രതിയായ ആമപ്പാറക്കല്‍ ശരത് ലാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു. സജീവ ബിജെപി പ്രവര്‍ത്തകനായ ഇയാള്‍ പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിലാണ് അനധികൃത മദ്യ വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു. രണ്ടാം പ്രതി പാറക്കോട്ടില്‍ നിതിന്‍ യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ്.
മാഹിയില്‍നിന്ന് ബൊലേറോ പിക്കപ്പില്‍ കടത്തിക്കൊണ്ടുവന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായാണ് ഇരുവരും പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് എക്‌സൈസ് സംഘം ഇവരെ വലയിലാക്കിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി പി ജയപ്രകാശ്, പി കെ മുഹമ്മദ് ഷഫീഖ്, എസ് മനോജ്കുമാര്‍, ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന്‍, അബ്ദുല്‍ വഹാബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എസ് അരുണ്‍കുമാര്‍, വി സുഭാഷ്, വി സച്ചിന്‍ദാസ്, കെ അഖില്‍ദാസ്, സി ടി ഷംനാസ്, ടി കെ ശ്രീജിത്ത്, എക്സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

 

Sharing is caring!