മലപ്പുറം പൂക്കൊളത്തൂരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും അധ്യാപകരും തമ്മില്‍ കൂട്ടയടി

മലപ്പുറം: മലപ്പുറം മഞ്ചേരി പൂക്കൊളത്തൂരില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും അധ്യാപകരും തമ്മില്‍ കൂട്ടയടി. എസ്എഫ്ഐ ഏരിയ പ്രസിഡന്റിന്റെ കയ്യൊടിഞ്ഞു. പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാനധ്യാപിക ഉള്‍പ്പെടെ ആറ് അധ്യാപകര്‍ക്കും 3 എസ്എഫ്ഐ നേതാക്കള്‍ക്കും പരുക്ക്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുക്കാന്‍ മുന്‍കൈയ്യെടുത്ത പ്രവര്‍ത്തകനെതിരെ നടപടി എടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം അറിയിക്കാനാണ് സ്‌കൂളില്‍ എസ്എഫ്ഐ നേതാക്കള്‍ എത്തിയത്. സ്‌കൂളിലെ ഓഫീസില്‍ അതിക്രമിച്ചു കടന്ന് എസ്എഫ്ഐക്കാര്‍ ആക്രമിച്ചുവെന്നാണ് അധ്യാപകരുടെ പരാതി. എന്നാല്‍ ഓഫീനുള്ളില്‍ വിദ്യാര്‍ഥി നേതാക്കളെ അധ്യാപകര്‍ വളഞ്ഞിട്ടു തല്ലിയെന്നാണ് എസ്എഫ്ഐ നേതാക്കളുടെ പരാതി.

പൂക്കൊളത്തൂര്‍ സി.എച്ച്. എം ഹൈസ്‌കൂളില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കെ പുറത്തു നിന്നെത്തിയ ഡി. വൈ .എഫ് .ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറി പ്രധാനാധ്യാപികയെയും മറ്റു അധ്യാപകരെയും കയ്യേറ്റം ചെയ്ത സംഭവത്തില്‍ പുല്‍പ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധിച്ചു. സംഭവത്തില്‍ പരിക്ക് പറ്റിയ പ്രധാനാധ്യാപികയെയും മറ്റു അധ്യാപകരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .

സംഭവത്തില്‍ ഇത് വരെ കേസ് എടുക്കാത്ത പോലീസ് ഗുരുതര അനാസ്ഥയാണ് കാണിക്കുന്നത് . വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മറവില്‍ ഗുണ്ടായിസവും അക്രമങ്ങളുമാണ് ഡി. വൈ . എഫ് . ഐ അഴിച്ചു വിടുന്നത് . ഇതിനെതിരെ നടപടി സ്വീകരിക്കാതെ ഒത്താശ ചെയ്ത് കൊടുക്കുകയാണ് പോലീസും ആഭ്യന്തര വകുപ്പും ചെയ്യുന്നത് . കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത പക്ഷം മഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മുസ്ലിം യൂത്ത് ലീഗ് പുല്‍പ്പറ്റ പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ചുള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. വി യാസര്‍, ജനറല്‍ സെക്രെട്ടറി വി . പി റിയാസ് എന്നിവര്‍ അറിയിച്ചു .

Sharing is caring!