തിരൂരില്‍ മൂന്നര വയസ്സുകാരന്റെ മരണത്തിന് കാരണം ക്രൂരമര്‍ദനം രണ്ടാനച്ഛന്‍ പിടിയില്‍

തിരൂരില്‍ മൂന്നര വയസ്സുകാരന്റെ മരണത്തിന് കാരണം ക്രൂരമര്‍ദനം രണ്ടാനച്ഛന്‍ പിടിയില്‍

മലപ്പുറം: തിരൂരില്‍ മൂന്നര വയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം കാരണമെന്നു പ്രഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച ഷെയ്ക്ക് സിറാജിന്റെ ഹൃദയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി. രണ്ടാനച്ഛന്‍ അര്‍മാനാണു മര്‍ദിച്ചതെന്ന് അമ്മ മുംതാസ് ബീഗം മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പാലക്കാടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ഷെയ്ക്ക് സിറാജിന്റെ ഹൃദയത്തിലും ഇരു വൃക്കകളിലും ചതവിനൊപ്പം മുറിവുകളുമുണ്ട്. തലയിലും ദേഹത്തും ചവിട്ടും മര്‍ദനവുമേറ്റെന്നാണു നിഗമനം. ഷെയ്ക്ക് സിറാജിനെ പ്രവേശിപിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു സംശയം തോന്നിയതോടെയാണ് അര്‍മാന്‍ സ്ഥലത്തുനിന്നു മുങ്ങിയത്. പ്രതിയെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. മുംതാസ് ബീഗവും പൊലീസിന്റെ കസ്റ്റഡിയിലാണ്.

ബംഗാളില്‍ നിന്നെത്തിയതാണ് ഷെയ്ക്ക് സിറാജിന്റെ കുടുംബം. ചെമ്പ്ര ഇല്ലപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണു താമസിക്കുന്നത്. പത്തു ദിവസം മുന്‍പാണ് ഇവിടെ താമസം ആരംഭിച്ചത്. ഷെയ്ക്ക് സിറാജിന്റെ പിതാവ്, മുംതാസ് ബീഗവുമായുളള വിവാഹ ബന്ധം വേര്‍പെടുത്തിയതോടെയാണ് അര്‍മാനുമായുള്ള പുനര്‍വിവാഹം നടന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയും സംഘവുമാണു കേസ് അന്വേഷിക്കുന്നത്.

Sharing is caring!