സ്വന്തമായി സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മിച്ച് താരമായി മലപ്പുറത്തെ എഞ്ചിനീയറിങ് വിദ്യാര്‍ഥി

സ്വന്തമായി സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മിച്ച് താരമായി മലപ്പുറത്തെ എഞ്ചിനീയറിങ് വിദ്യാര്‍ഥി

മലപ്പുറം: സ്വന്തമായി സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മിച്ച് താരമായി മലപ്പുറത്തെ എഞ്ചിനീയറിങ് വിദ്യാര്‍ഥി.
ഒന്നര വര്‍ഷം കഠിന പരിശ്രമം നടത്തിയാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി മങ്കലത്ത് കളത്തില്‍ അബ്ബാസിന്റെ മകന്‍ മുനവ്വിര്‍ അലി സ്‌പോര്‍ട്‌സ് ബൈക്ക് തയാറാക്കിയത്. ടിവിഎസ്, യുണിക്കോണ്‍, ഹിമാലയ, ഡ്യൂക്ക് തുടങ്ങിയ ബൈക്കുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് ഉപയോഗിച്ചായിരുന്നു ബൈക്കിന്റെ നിര്‍മാണം.

സ്വയം അധ്വാനിച്ച് 30000 രൂപ കണ്ടെത്തിയാണ് യുവാവ് സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒറിജിനല്‍ ഓഫ് റോഡ് സ്‌പോര്‍ട്‌സ് ബൈക്കുകളെ വെല്ലുന്ന തരത്തിലാണ് ബൈക്കിന്റെ ഡിസൈന്‍ രൂപകല്‍പന ചെയ്തത്. മലപ്പുറം മഅദിന്‍ പോളിടെക്‌നിക് കോളേജിലെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മുനവ്വിര്‍ അലി. സുരക്ഷാപ്രശ്‌നങ്ങള്‍ മൂലം സ്‌പോട്‌സ് ബൈക്ക് നിരത്തിലിറക്കാന്‍ സാധിക്കില്ല. അതിനാല്‍ വീടിന്റെ ഒഴിഞ്ഞ പറമ്പിലാണ് മുനവ്വിര്‍ അലിയുടെ പരിശീലനം.

ഇത്രയും ബുദ്ധിമുട്ടി മുനവ്വറലി ഒരു ബൈക്ക് നിര്‍മിച്ചതില്‍ തങ്ങള്‍ക്കും അഭിമാനമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഠനത്തിനുശേഷം ലഭിക്കുന്ന സമയം കൊണ്ടാണ് ബൈക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിരവധി ആളുകളാണ് മുനവ്വിര്‍ തയ്യാറാക്കിയ ബൈക്ക് കാണാനും ഫോട്ടോ എടുക്കാനും വീട്ടില്‍ എത്തുന്നത്. ഇതിലും വലിയ കപ്പാസിറ്റിയുള്ള സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മ്മിക്കണമെന്ന ആഗ്രഹമാണ് മുനവ്വറലി പങ്കുവെക്കുന്നത്.

Sharing is caring!