എടപ്പാള്‍ പാലം ഉദ്ഘാടനത്തിന് ആയിരങ്ങള്‍ തടിച്ചു കൂടിയതിനെ പരിഹസിച്ച് പ്രവാസലോകം

ദുബൈ: നാട്ടിലെത്തുന്ന പ്രവാസികള്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം വന്നതിന് തൊട്ടുപിന്നാലെ എടപ്പാള്‍ പാലം ഉദ്ഘാടനത്തിന് ആയിരങ്ങള്‍ തടിച്ചു കൂടിയതിനെ പരിഹസിച്ച് പ്രവാസലോകം. പാലം ഉദ്ഘാടനത്തിന്റെ ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ച മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും പോസ്റ്റുകള്‍ക്ക് താഴെയും പ്രവാസികള്‍ വിമര്‍ശനവുമായെത്തി. മാതൃക കാണിക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെയും പ്രവാസികള്‍ ചോദ്യം ചെയ്യുന്നു.

ഒമിക്രോണ്‍ വിമാനത്തിലേ കയറൂ, പാലത്തില്‍ കയറില്ല എന്നാണ് ഒരു കമന്റ്. ഗള്‍ഫിലെ കൊറോണ മാത്രമെ പടരൂ, എടപ്പാളിലെ കൊറോണ പടരില്ല എന്നാണ് ചിലരുടെ പോസ്റ്റ്. തിരക്കില്‍പെട്ട് കൊറോണ എടപ്പാള്‍ പാലം വഴി ഓടി എന്നും ചിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ക്വാറന്റീന്‍ പ്രവാസികള്‍ക്ക് മാത്രമോ എന്ന തലക്കെട്ടില്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചയും നടക്കുന്നുണ്ട്. കൊറോണ പരത്തുന്ന പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്ന ചിത്രം എന്ന പേരിലാണ് ചിലര്‍ എടപ്പാളില്‍ തടിച്ചുകൂടിയ ജനത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനം ആര്‍ത്തിരമ്പി എന്ന തലക്കെട്ടില്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ പോസ്റ്റ് ചെയ്ത ജനക്കൂട്ടത്തിന്റെ ചിത്രത്തിന് താഴെയും പ്രവാസികള്‍ പ്രതിഷേധം അറിയിക്കുന്നു. നാട്ടിലെ മറ്റ് പാര്‍ട്ടികളുടെയും സംഘനകളുടെയും പ്രകടനത്തിനെതിരെ കൊവിഡ് നിയമലംഘനത്തിന് കേസെടുത്തതും ട്രോളുകളില്‍ നിറയുന്നുണ്ട്.

Sharing is caring!