എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു
വികസന കാര്യത്തില്‍ മലപ്പുറം ജില്ലയ്ക്ക് സര്‍ക്കാര്‍ കാര്യമായ പരിഗണന നല്‍കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ജില്ലയുടെ ന്യായമായ വികസന പദ്ധതികള്‍ മുന്നോട്ടു വെച്ചവര്‍ക്കൊപ്പം സര്‍ക്കാറും മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ച് യാഥാര്‍ത്ഥ്യമാക്കിയ
എടപ്പാള്‍ ഫ്ളൈ ഓവറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കലിന് ജില്ലയില്‍ 3600 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ സഹകരിക്കുന്നവര്‍ക്കെല്ലാം മാന്യമായ നഷ്ടപരിഹാരം നല്‍കും. മറ്റ് സംസ്ഥാനങ്ങളില്‍ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറാണ് ഫണ്ട് നല്കുന്നതെങ്കില് കേരളത്തില്‍ സ്ഥലമേറ്റെടുക്കലിനായി 25 ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. താനൂര്‍ – തെയ്യാല റെയില്‍വെ മേല്‍പ്പാലം പ്രവൃത്തി തുടങ്ങി. ചേളാരി – ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം പ്രവൃത്തി ഉടന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
തീരുമാനിക്കുന്നത് നടപ്പാക്കാന്‍ ഇച്ഛാശക്തിയുടെ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമായി തുടരും. അഭിപ്രായങ്ങള്‍ സ്വീകരിച്ച് കൂട്ടായ്മയോടെ പ്രവര്‍ത്തിക്കും. നിരത്തുകളിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ പൊതുമരാമത്ത് വകുപ്പ് ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് എടപ്പാളില്‍ ഫ്ളൈ ഓവര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വാഹനപ്പെരുപ്പത്തിന് അനുസരിച്ചുള്ള റോഡ് ശ്യംഖല ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ബൈപ്പാസുകള്‍ ഈ സര്‍ക്കാറിന്റെ കാലയളവില്‍ തന്നെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പരിമിതികളുണ്ടെങ്കിലും വ്യക്തമായ കാഴ്ച്ചപ്പാടോടെയും ആസൂത്രണത്തോടെയും നടപടികള്‍ തുടരും. മലയോര – തീരദേശ ഹൈവെയും ദേശീയ പാത വികസനവും യാഥാര്‍ത്ഥ്യമായാല്‍ ഭൗതിക സാഹചര്യവികസന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. ജലഗതാഗത പാത യാഥാര്‍ത്ഥ്യമായാല്‍ റോഡിലെ വാഹനപ്പെരുപ്പം കുറയുമെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം ജീവനക്കാരും കരാറുകാരും നല്ല നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലര്‍ തെറ്റായ പ്രവണതകളില്പ്പെടുന്ന സാഹചര്യമുണ്ട്. അത്തരക്കാരെ സര്‍ക്കാര്‍ ശരിയായ പാതയിലേക്ക് കൊണ്ടുവരും. പൊതു മരാമത്ത് പ്രവൃത്തികളുടെ പരിപാലന കാലയളവ് ജനം അറിയണമെന്നും നവീന ആശയങ്ങളുമായി പുതിയ ചുവടുവെയ്പ്പുകളുമായി വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഏറനാട് എഞ്ചിനീയറിങ് എന്റര്‍പ്രൈസിലെ പ്രൊജക്ട് മാനേജര്‍ വി മുഹമ്മദ് ഹനീഫ്, ഏറനാട് എഞ്ചിനീയറിങ് എന്റര്‍പ്രൈസസ് എം.ഡി. ഹാഷിം വരിക്കോടന്‍, കിറ്റ്കോ സീനിയര്‍ കണ്‍സല്‍ട്ടന്റ് ബൈജു ജോണ്‍ എന്നിവര്‍ക്കായി ട്രാഫിക് ഗാര്‍ഡ് അസോസിയേഷന് നല്കിയ ഉപഹാരം മന്ത്രി കൈമാറി. ചിത്രകാരന് ഹരി എടപ്പാള്‍ മണലില്‍ തീര്‍ത്ത മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. ഡോ.കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനായി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ പി നന്ദകുമാര്‍ , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന് , ജില്ലാ പഞ്ചായത്തംഗം അഡ്വ പി .പി മോഹന്‍ദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുള്‍ മജീദ് കഴുങ്ങില്‍, സി.വി സുബൈദ, സി.പി നസീറ, കെ അസ്ലം, പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം പി.വി രാധിക, വട്ടക്കുളം ഗ്രാമ പഞ്ചായത്തംഗം യു.പി പുരുഷോത്തമന്, എടപ്പാള്‍ ഗ്രാമ പഞ്ചായത്തംഗം എം.കെ.എം ഗഫൂര്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി സത്യന്, ഇബ്രാഹിം മുതൂര്‍, കെ.എന്‍ ഉദയന്‍, ചുള്ളിയില്‍ രവീന്ദ്രന്, ആര് മുഹമ്മദ് ഷാ, കെ.പി സുബ്രഹ്മണ്യന്, പാട്ടത്തില്‍ ഇബ്രാഹിം കുട്ടി, എം.വി.എം മാണൂര്‍ എന്നിവര്‍ സംസാരിച്ചു. റോഡ് സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഓഫ് കേരള മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.
ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ ശക്തമായ കാല് വെപ്പ് തുടരും. പറയുന്നത് ചെയ്യുന്ന സര്‍ക്കാറാണ് കേരളത്തില്‍ അധികാരത്തിലെന്നും മന്ത്രി പറഞ്ഞു. എടപ്പാള്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടി സ്വീകരിച്ചുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. എടപ്പാളിലെ മേല്‍പ്പാലം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വലിയ അനുഗ്രഹമായി. നാട്ടിലെ ജനങ്ങളുടെ ഹൃദയത്തുടിപ്പ് മനസ്സിലാക്കി നടപ്പാക്കിയ പദ്ധതിയാണിതെന്നും എം.പി പറഞ്ഞു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]