കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ച: ഒരാള്‍കൂടി അറസ്റ്റില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ടു താമരശേരി തച്ചന്‍പൊയില്‍ സ്വദേശി മൂലടക്കല്‍ അബൂബക്കര്‍ സിദിഖി(30) നെ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇന്നലെ വൈകീട്ട് കൊടുവള്ളിയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ സംഭവ ദിവസം താമരശേരിയില്‍ നിന്നു വന്ന സ്വര്‍ണക്കടത്ത് സംഘത്തോടൊപ്പം അബൂബക്കര്‍ സിദിഖും ഉണ്ടായിരുന്നതായും കണ്ണൂരില്‍ നിന്നു വന്ന സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നതായും തുടര്‍ന്നു പാലക്കാട് സംഘം വന്ന ബൊലറോ അപകടത്തില്‍പ്പെട്ടു കിടക്കുന്നതു കണ്ടതായും പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ പേരില്‍ എടുത്ത വ്യാജ സിം കാര്‍ഡുകളാണ് ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘം ഉപയോഗിച്ചിരുന്നത്. സംഭവ ദിവസം ഉണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അബൂബര്‍ സിദിഖും ഉള്‍പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചു. ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘം വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലായാണ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയിരുന്നത്. അറസ്റ്റിലായ അബൂബക്കര്‍ സിദിഖില്‍ നിന്നു താമരശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇയാളുടെ പക്കല്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സുപ്രധാനമായ വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടു വഴി ദിവസവും അനധികൃതമായി സ്വര്‍ണം കടത്തികൊണ്ടു പോകുന്നതിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് സ്വര്‍ണം കടത്തിയതിന്റെ വിവരങ്ങളും ഇതില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഇതിനു സഹായിച്ച ചില ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം. താമരശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സ്വര്‍ണക്കടത്ത് കുഴല്‍പ്പണ, മാഫിയാ സംഘത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ തത്കാലിക ജീവനക്കാരെയും കോവിഡ് ഡ്യൂട്ടിക്ക് എത്തിയവരെയും സ്വാധീനിച്ച് സ്വര്‍ണം കടത്തിയതായുള്ള വിവരങ്ങളും ലഭ്യമായി. അബൂക്കര്‍ സിദിഖിന്റെ സംഘത്തിലെ ചിലര്‍ വിദേശത്തേക്കു കടന്നതായി സൂചനയുണ്ട്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അര്‍ജുന്‍ ആയങ്കിയെ അപായപ്പെടുത്താന്‍ ടിപ്പര്‍ ലോറിയടക്കമുള്ള വാഹനങ്ങളുമായി എത്തിയത് അബൂബക്കര്‍ സിദിഖ് ഉള്‍പ്പെട്ട സംഘമായിരുന്നു.
80 ഓളം പേര്‍ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി എയര്‍പോര്‍ട്ടില്‍ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളില്‍ സ്റ്റിക്കറും എല്ലാവര്‍ക്കും പ്രത്യേകതരം മാസ്‌ക്കും വിതരണം ചെയ്തത് ഇവരുള്‍പ്പെട്ട സംഘമാണെന്നും അറിവായിട്ടുണ്ട്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 66 ആയി. 25 വാഹനങ്ങളും പിടിച്ചെടുത്തു. .മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫ്,
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍, പി. സഞ്ജീവ്, എഎസ്‌ഐ ബിജു, സൈബര്‍സെല്‍ മലപ്പുറം, കോഴിക്കോട് റൂറല്‍ പോലീസിലെ വി.കെ സുരേഷ്, രാജീവ്ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ, എസ്‌ഐമാരായ സതീഷ്‌നാഥ്, അബ്ദുള്‍ഹനീഫ, ദിനേശ്കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]