ഭീമൻ ലോറികളുടെ മരണപ്പാച്ചിൽ : മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ നടപടി തുടങ്ങി, 68,500 രൂപ പിഴ ഈടാക്കി

ഭീമൻ ലോറികളുടെ മരണപ്പാച്ചിൽ :  മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ നടപടി തുടങ്ങി, 68,500 രൂപ പിഴ ഈടാക്കി

തിരൂരങ്ങാടി: റോഡിൽ അപകടഭീഷണിയുയർത്തി ഓടിപ്പായുന്ന ഭീമൻ ലോറികൾക്ക് കടിഞ്ഞാണിട്ട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ.  കക്കാട് പരപ്പനങ്ങാടി റോഡിൽ അമിത ഭാരവുമായി പരപ്പനങ്ങാടിയിലേക്ക് ഹാർബർ നിർമ്മാണത്തിനായി കല്ലുകളെത്തിക്കുന്ന ടോറസ് ലോറികളടക്കമുള്ള ടിപ്പറുകളുടെ അനിയന്ത്രിത പാച്ചിലിനാണ് റോഡ് ഗതാഗത വകുപ്പുദ്യോഗസ്ഥർ നടപടിയുമായി രംഗത്തെത്തിയത്.

നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കിയും താക്കീതും ബോധവൽക്കരണവുമൊക്കെയായി അധികൃതർ റോഡിലിറങ്ങുകയായിരുന്നു.
ജില്ലാ എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം.വി.ഐ മാരായ ഡാനിയൽ ബേബി, സജി തോമസ്, എ.എം. വി.ഐ. സുനിൽ രാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ചെമ്മാട് തിരൂരങ്ങാടി കൊളപ്പുറം, കക്കാട്, കോട്ടക്കൽ, മലപ്പുറം, കൊണ്ടോട്ടി, തിരൂർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. 63 കേസുകളിലായി 68500 രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. സ്കൂൾ, ഓഫീസ് തിരക്കേറിയ രാവിലെകളിലും വൈകുന്നേരങ്ങളിലും ടിപ്പർ ലോറികൾ നിരത്തിലിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Sharing is caring!